Sunday 15 April 2007

ബര്‍മ ബസാര്‍

ബര്‍‌മ ബസാര്‍.എപ്രില്‍ മാസത്തിന്റെ ചൂടു സഹിക്കാന്‍ പറ്റാത്തതുകൊണ്ട് കച്ചവടം നടത്തുന്നവര്‍ പോലും കടയുടെ പുറത്ത് നില്‍ക്കുന്നു. ബര്‍മബസാറിന്റെ ഇടുങ്ങിയ, ശ്വാസം മുട്ടുന്ന വഴികളില്‍ വിദേശനിര്‍മിത വ്യാജവസ്തുക്കള്‍ വാങ്ങാന്‍ ഈ ചൂടുകാലത്തും വലിയ തിരക്കാ‍ണ്. അതിനകത്ത് കയറിയാല്‍ ശരിക്കും ശ്വാസം മുട്ടും...പക്ഷേ പാശ്ചാത്യകമ്പോളങ്ങളില്‍ മാത്രം കാണുന്ന പല വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും അവിടെ കുറഞ്ഞ വിലക്ക് കിട്ടും. അതുകൊണ്ടുതന്നെ അവിടം സന്ദര്‍ശിക്കാത്ത ബാംഗ്ലൂര്‍ നിവാസികളും കുറവായിരിക്കും. ഒന്നും വാങ്ങാന്‍ വേണ്ടിയായിരുന്നില്ല ഞാന്‍ അന്ന് ബര്‍മ ബസാറില്‍ വന്നത്.സിനിമാക്കമ്പക്കാരനായ സുഹൃത്തിന് കൂട്ടുവന്നു എന്ന് മാത്രം. അവിടെ കിട്ടുന്നത്രയും വില കുറഞ്ഞ് സി.ഡി കളും മറ്റും എവിടെയും കിട്ടില്ല...കടയുടമ കൊടുത്ത ഒരു കെട്ട് സിനിമകളില്‍ അവന്‍ തല പൂഴ്ത്തി നില്‍ക്കുമ്പോള്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പതുക്കെ പുറത്തേക്ക് നടന്നു.

ബ്രയന്‍ ലാറ 2007 എന്ന ഒരു ബോര്‍ഡ് കണ്ടപ്പോളാണ് ഞാന്‍ ആ കടയുടെ മുന്നില്‍ നിന്നത്.ക്രിക്കറ്റില്‍ ഉള്ള ചെറിയ താത്പര്യം കാരണം ഞാന്‍ ആ ബോര്‍ഡിലേക്ക് നോക്കി നിന്നു.പുതിയ എതോ ഗെയിം ആണ്.പുതിയ ഗ്രാഫിക്സ് ഓപ്ഷന്‍സ്..അങ്ങനെ പലതും എഴുതിയിരിക്കുന്നു.
“സര്‍” വളരെ വിനയത്തോടെ ഒരു ശബ്ദം... “ഇങ്ങോട്ടുവരൂ, ഇവിടെ ഇതുപോലുള്ള പുതിയ ഗെയിംസ് ഒരുപാടുണ്ട്.”ബോര്‍ഡിന്റെ പുറകിലേക്ക് നീങ്ങിയത് അയാളുടെ നീട്ടിയ കൈകളെ പിന്തുടരാന്‍.ബര്‍മബസാറിന് പരിചയമല്ലാത്ത ഒരു വേഷവിധാനമായിരുന്നു അയാ‍ളുടേത്.ഈ കട ഇവിടെ ഇതിനുമുന്‍പു കണ്ടിട്ടില്ലല്ലോ എന്ന ഒരു ചോദ്യം എന്റെ നോട്ടത്തില്‍ പ്രകടമായതുകൊണ്ടാകാം അയാള്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞത്... “എല്ലാറ്റിനും വിലക്കിഴിവുണ്ട് സാര്‍.എക്സ്-ബോക്സ്,പ്ലേ സ്റ്റേഷന്‍ എന്നിവയുടെതിന് പ്രത്യേക കിഴിവുകളും ഉണ്ട്.” സുഹൃത്തിന്റെ സിനിമാന്വേഷണം ഇനിയും നീണ്ടുപോകും എന്നുറപ്പുള്ളതുകൊണ്ട് ഞാന്‍ ആ ആതിഥ്യം സ്വീകരിക്കാന്‍ തീരുമാനിച്ചു.ബര്‍മ ബസാറില്‍ സാധാരണ കാണാറില്ലാത്ത ഒരു കോര്‍പ്പറേറ്റ് കസ്റ്റമര്‍ കെയര്‍ മനോഭാവം മാത്രം എനിക്ക് ഒരു അസ്വസ്ഥതയുണ്ടാക്കി.അയാള്‍ എനിക്കൊരു ലഘുലേഖ തന്നു,അതില്‍ പുതിയ എല്ലാ റിലീസുകളെ പറ്റിയും വിശദാംശങ്ങള്‍ ഉണ്ടത്രെ.എന്റെ മുന്നില്‍ വിനയത്തോടെ അയാള്‍ നിന്നു.

വിശാലമായ ഷോപ്പ്.ഇതും ബര്‍മാ ബസാറിന്റെ പതിവിനു വിപരീതമാ‍ണ്.ചില്ല് കൊണ്ടുള്ള ചുവരുകളുള്ള മുറികളില്‍ ഉള്ളത് കുട്ടികള്‍..പത്ത് വയസ്സ് പോലും കാണില്ല അവര്‍ക്ക്.അവര്‍ അനങ്ങുന്നുണ്ടോ എന്ന് എനിക്കുറപ്പില്ലായിരുന്നു.സൂക്ഷിച്ച് നോക്കിയാല്‍ ഞാന്‍ ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണോ എന്ന് അവര്‍ സംശയിക്കും.എന്നാലും അവിടെ ഇരിക്കുന്നതെല്ലാം കുട്ടികള്‍ ആണ്.ബര്‍മാ ബസാര്‍ തന്നെ നിയമത്തില്‍ നിന്നും ഒരുപാട് ദൂരെ ആയതുകൊണ്ട് ഞാന്‍ അധികം ആലോചിച്ചില്ല.

ലഘുലേഖയുടെ ആദ്യത്തെ താളുകളില്‍ കണ്ട ചില കളികള്‍ എനിക്ക് മനസ്സിലായില്ല.ഞാന്‍ പതുക്കെ താളുകള്‍ മുന്നോട്ടു മറിച്ചു.നാലമത്തെ പേജില്‍ കണ്ട തലക്കെട്ട് എന്നെ ഞെട്ടിച്ചു.

“ഇത്...”

“അതെ സര്‍. ഇതു ഒരു പുതിയ തരം ഗെയിം ആണ്.സര്‍ അങ്ങോട്ട് ഞങ്ങളുടെ ലബോറട്ടറിയിലേക്ക് നോക്കൂ.ഇത് ഇവിടത്തെ ഏറ്റവും പുതിയ ഒരു പ്രൊഡക്റ്റ് ആണ്. ഈ കുട്ടികളെ ഞങ്ങള്‍ ഈ ഗെയിം ഉണ്ടാക്കാന്‍ മാത്രം സുഡാനില്‍ നിന്ന് വരുത്തിയതാണ്. സിമുലേഷന് പകരം യഥാര്‍ഥ വികാരങ്ങള്‍ ആണ് ഇതിലുടനീളം ഞങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.”

സുഡാന്‍ എന്ന പേര് കേട്ടപ്പൊളാണ് തലക്കെട്ടിന്റെ ഗൌരവം എനിക്ക് പിടികിട്ടിയത്. 4 ഘട്ടങ്ങളായാണ് അവര്‍ ഡാര്‍ഫര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.ഒന്നാം ഘട്ടത്തില്‍ കുതിരപ്പുറത്ത് ആയിരം ജവാന്മാരെ നമുക്ക് കിട്ടും.അവര്‍ക്ക് ആക്രമിക്കാനുള്ള ഗ്രാമങ്ങള്‍ നമ്മള്‍ കാണിച്ചുകൊടുക്കണം.മൂന്നോ അതിലധികമോ ഗ്രാമങ്ങള്‍ 30 നിമിഷത്തിനകം ആക്രമിച്ച് അവിടത്തെ ശത്രുക്കളെ കൊന്നൊടുക്കണം.അത്യാധുനിക തോക്കുകള്‍ അവര്‍ക്കുണ്ട്.ഈ കുട്ടികളാണ് ഗ്രാഫിക്സ് കൈകാര്യം ചെയ്തത്.തോക്കുകളേന്തിയ കുതിരക്കാരുടെ മുഖത്തെ ക്രൌര്യം,അതു കാണുന്ന ഗ്രാമങ്ങളിലെ കൈയേറ്റക്കാരുടെ വികാരങ്ങള്‍,അവരുടെ കുട്ടികള്‍,ഭാര്യമാര്‍ ഇവരുടെ കീഴ്പ്പെടുന്ന സമയത്തുള്ള നിരാശ...എല്ലാം ഈ കുട്ടികള്‍ ഭംഗിയായി സിമുലേറ്റ് ചെയ്തു.ഒരു സിനിമയില്‍ പോലും ചെയ്യാന്‍ പറ്റാത്തത്ര കൃത്യതയോടെ.ആ കുട്ടികളെ കുറിച്ച് പറയുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ആവേശമായിരുന്നു.

“സാറിന്റെ കമ്പ്യൂട്ടറില്‍ നല്ല ഗ്രാഫിക്സ് കാര്‍ഡ് ഉണ്ടോ? ഇല്ലെങ്കില്‍ ഇവിടെ വാങ്ങാം.ഞങ്ങളുടെ ഈ പുതിയ ഗെയിം നല്ല മള്‍ട്ടിമീ‍ഡിയ സപ്പോര്‍ട്ടോടുണ്ടെങ്കിലേ വിചാരിച്ച ഇഫക്ട് കിട്ടുള്ളൂ.”

“രണ്ടാം ഘട്ടം എന്താണ്?” എനിക്ക് ചോദിക്കാതിരിക്കാന്‍ തോന്നിയില്ല.

“അത്‌ നമ്മുടെ കൌമാരക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഇപ്പോ എന്തിനും ഒരല്പം മസാ‍ല വേണ്ടേ സര്‍?”

എനിക്ക് മനസ്സിലായില്ല.കീഴടക്കിയ ശത്രുക്കളുടെ ഭാര്യമാരെയും പെണ്‍കുഞ്ഞുങ്ങളെയും കുതിരജവാന്മാര്‍ സ്വന്തം താവളത്തിലേക്ക് കൊണ്ടുവരും.അവരുടെ ശിക്ഷ അവിടെ വച്ചാണ്.ഇത് കാണാനായി ശത്രുക്കളുടെ ആണ്‍കുഞ്ഞുങ്ങളെ സാക്ഷിയാക്കണമത്രെ. 30 നിമിഷം കൊണ്ട് അവരുടെ ശിക്ഷ നടപ്പിലാക്കണം.ഒരു ജവാന്‍ 3 സ്ത്രീകളെ മാത്രമേ അനുഭവിക്കാവൂ. മൌസ് ഉപയോഗിക്കുന്ന സ്പീഡ് ഇതില്‍ വളരെ പ്രധാനമാണത്രെ.നിങ്ങള്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി.ജവാന്മാരുടെ രതിമൂര്‍ച്ഛയും, സ്ത്രീകളുടെ കരച്ചിലും എല്ലാം റിയല്‍ ആയി ചെയ്തിട്ടുണ്ട് എന്ന് അയാള്‍ പറഞ്ഞ് നിര്‍ത്തി.

“ഈ കുട്ടികള്‍ തന്നെയാണൊ ഇതും ഡിസൈന്‍ ചെയ്തത്?” എനിക്ക് വീണ്ടും ചോദിക്കാതിരിക്കാനായില്ല.

“അതെ സര്‍.ഇവരില്‍ പലരും എന്നോട് പറഞ്ഞത് അവര്‍ ഇതൊക്കെ നേരിട്ട് കണ്ടിട്ടുണ്ട് എന്നാണ്.വിശ്വസിക്കാനായില്ല... ഇവരുടെ ഭാഗ്യം.നമുക്കിതൊക്കെ കാണാന്‍ സിനിമ വേണമായിരുന്നു.അതും ഒന്നോ രണ്ടോ കാണിച്ചാലായി.ഇതിന്റെ ആദ്യത്തെ ടെസ്റ്റ് നടക്കുമ്പോള്‍ ഇവരുടെ മുഖത്തെ ഭാവങ്ങള്‍ അതുപോലെ പകര്‍ത്തിയാണ് ഗെയിമിലെ ആണ്‍കുട്ടികളുടെ ഇമേജസ് ഫൈനല്‍ ടച്ച് ചെയ്തത്‌. കുറച്ച് പെണ്‍കുട്ടികളെ കിട്ടിയാല്‍ അവരുടെ കൂടെ ഭാവങ്ങള്‍ ഒറിജിനല്‍ ആക്കാമായിരുന്നു.” അയാളുടെ വാക്കുകളില്‍ നിരാശ.

മൂന്നാം ഘട്ടത്തിന് ഇവരെ ആവശ്യമില്ല.അതില്‍ ശത്രുസംഹാരത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കലാണ്.ആളൊഴിഞ്ഞ ഗ്രാമങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കണം.അവിടെ കിണറുകളില്‍ വെള്ളത്തിനു പകരം വരുന്നത് എണ്ണയാണ്.അതുകൊണ്ട് എണ്ണയില്‍ വളരുന്നത് മാത്രമേ അവിടെ നടാന്‍ പാടുള്ളൂ.

എണ്ണയില്‍ വളരുന്ന ചെടി എന്താണെന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കേ ഗ്ലാസ്സ് ലാബോറട്ടറികളില്‍ നിന്ന് ഞാന്‍ നേരത്തെ കണ്ട കുട്ടികള്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.നിശ്ശബ്ദരായി തല കുനിച്ച്. ഇവരുടെ തിരിച്ചുള്ള ഫ്ലൈറ്റ് ഇപ്പോളാണ് എന്ന് പറഞ്ഞ് എന്നെ സഹാ‍യിച്ചുകൊണ്ടിരുന്ന സെയില്‍‌സ് ബോയ് എവിടേക്കോ പോയി.

ഇവര്‍ എങ്ങോട്ട് പോകുന്നു എന്ന എന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല.

ലഘുലേഖയുടെ അടുത്ത പേജുകള്‍ മറിച്ചുനോക്കിയത് സുഹൃത്തുമൊത്ത് വീട്ടില്‍ ചെന്നിട്ടാണ്.5 ഘട്ടങ്ങളുള്ള റവാണ്ട,കോംഗോ,ലൈബീരിയ,നൈജീരിയ ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.യാഥാര്‍ത്ഥ്യത്തോട്‌ അടുത്ത് നില്‍ക്കുന്ന അവതരണമാണ് എല്ലാ‍റ്റിണ്ടെയും പ്രത്യേകത. ഉപയോഗിക്കേണ്ട വിദേശനിര്‍മ്മിത ഹാ‍ര്‍ഡ് വെയര്‍ എല്ലാം ലിസ്റ്റില്‍ കൃത്യമായി കൊടുത്തിരിക്കുന്നു.

ആ കുട്ടികള്‍ എങ്ങോട്ട് പോയോ ആവോ? അവരുടെ പേരെന്താണ് എന്ന്‌ അറിയാനെങ്കിലും ഡാര്‍ഫര്‍ വാങ്ങാമായിരുന്നു എന്നെനിക്ക് തോന്നി...ഇന്നത്തെ പത്രം കാണുന്നത് വരെ. ബര്‍മാബസാറില്‍ ഇന്നലെ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അറസ്റ്റിലായ സുഡാന്‍ പൌരന്മാര്‍... അബു,അലി,മൂസ എന്നിങ്ങനെ പേരുകള്‍.പേരുകേട്ടാല്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഞാന്‍ കണ്ട ബര്‍മ ബസാറിലെ പുതിയ വീഡിയോ ഗെയിം ഷോപ്പ് മതിഭ്രമത്തില്‍ കവിഞ്ഞ് ഒന്നുമാകില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. എന്റെ സുഹൃത്തിനോട് പോലും അതിനെ പറ്റി ഞാന്‍ പറഞ്ഞില്ല. പതുക്കെ ടി.വി. ഓണ്‍ ചെയ്ത് ഡാര്‍ഫറിന്റെ മൂന്നാം ഘട്ടത്തില്‍ എണ്ണയൊഴിച്ച് വളര്‍ത്തേണ്ട ചെടി എതാണെന്ന് ഞാന്‍ ആലോചിച്ച് കൊണ്ടിരുന്നു.

Friday 6 April 2007

ബൊമ്മനഹള്ളിയിലെ എരുമകള്‍

2004-ന്റെ അവസാനത്തിലാണ് ഞാന്‍ ഇവരെ പരിചയപ്പെടുന്നത്. ആ വര്‍ഷം എനിക്ക് കിട്ടിയ നല്ല സുഹൃത്തുക്കള്‍. ചാണകം നാറുന്ന പിന്‍കാലുകളും, ഉണങ്ങിപ്പിടിച്ച മൂത്രത്തില്‍ മുക്കിയടിക്കാനെന്ന പോലെ വീശിയാടുന്ന അറയ്ക്കുന്ന വാലും, ആരെയും കുത്താന്‍ കഴിയാത്ത വിധം വളഞ്ഞു പോയ കൊമ്പും... ഒരു സുഹൃത്തിന് വേണ്ട ഗുണവും മണവും നിറവും ഒന്നും ആ ജീവികള്‍ക്കുണ്ടായിരുന്നില്ല. പാല്‍ തുളുമ്പി നിറയുന്ന കുടം പോലുള്ള അകിടുകള്‍ ചുരത്താന്‍ തയ്യാറായിട്ടും, കറുപ്പും ചാരവും ചേര്‍ന്ന അവയുടെ നിറത്തിന്റെ വൃത്തികേട് സഹിക്കാന്‍ പറ്റാത്തതു കൊണ്ട് ഞങ്ങള്‍ അവയുടെ പാല്‍ നന്ദിനി എന്ന പേരില്‍ പാക്കറ്റുകളിലാക്കി കുടിച്ചു പോന്നു (ഇത് എന്റെ തോന്നലാണ്). ബേഗൂര്‍ റോഡിലും ഹോസൂര്‍ റോഡിലുമായി അവര്‍ ഒരു 40 പേരുണ്ടാകും (ഇത് എന്റെ മാത്രം കണക്കാണ്. കാനേഷുമാരിക്കാരുടേതല്ല).

വ്ലാദിമിര്‍ പുടിന്‍ ഇന്‍ഫോസിസ് സന്ദര്‍ശിച്ച ഒരു ദിവസമാണ് ഞാന്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നത്. പതിവിലേറെ വാഹനങ്ങളും ഗതാഗതനിയന്ത്രണവും... ശബ്ദവും ചൂടും പൊടിയും സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു മൂലക്ക് മാറി നില്‍ക്കുമ്പോളാണ് കൂട്ടത്തില്‍ വൃത്തിയുള്ള ഒരു എരുമ എന്റെ നേരെ നടക്കുന്നതായി എനിക്ക് തോന്നിയത്. റോഡില്‍ സൂര്യര‍ശ്മികളുടെ പ്രതിഫലനം കൊണ്ടും ആകപ്പാടെയുള്ള ഒരു പരിഭ്രമം കൊണ്ടും ഉള്ള ഒരു വിഭ്രാന്തിയാണെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ എന്റെ കയ്യിലുള്ള പുസ്തകത്തില്‍ തറച്ചു നോക്കി എന്റെ നേര്‍ക്ക് നടന്നു വന്നത്... അതെ... സാക്ഷാല്‍ എരുമ തന്നെ.

എരുമ: “ഹലോ... നിങ്ങളെ തന്നെ...”. ഞാന്‍ തിരിഞ്ഞ് നോക്കുന്നത് കണ്ടിട്ടാവണം അങ്ങനെ പറഞ്ഞത്.

“ഞാനോ...". വാക്കുകള്‍ പുറത്ത് വന്നില്ല.

“നമുക്കല്പം നടന്നാലോ? എന്തു തോന്നുന്നു?

“ഈ ചൂടില്‍, ഗതാഗതക്കുരുക്കില്‍ എങ്ങോട്ട് പോകാന്‍?" അത്രയും പറയാന്‍ അല്പം ധൈര്യം കിട്ടി. എരുമയുടെ മലയാളം പരുക്കനെങ്കിലും ചതിവില്ലാത്തതാണെന്ന് തോന്നി.

“എന്റെ പുറകേ നടന്നോളൂ... വഴി താനെ ഉണ്ടാകും.” ആത്മവിശ്വാസം ഉള്ള മറുപടി... ഞാന്‍ താനെ നടന്നു തുടങ്ങി.

“എന്റെ കാല്‍പ്പാടുകള്‍ മാത്രം നോക്കിയാല്‍ മതി. കാലും വാലും നിങ്ങള്‍ക്ക് അറപ്പുണ്ടാക്കും...”. എന്റെ മനസ്സറിഞ്ഞെന്ന പോലെ അയാള്‍... അല്ല... എരുമ.

ഇടത്തോട്ടൊരു തിരിവ്, വലത്തോട്ട് മറ്റൊന്ന്... ഞങ്ങള്‍ ഒരു തണലില്‍ എത്തി. എരുമ ചൂണ്ടിക്കാണിച്ചിടത്ത് ഞാന്‍ ഇരുന്നു. മുഖവുരകളില്ലാതെ എരുമ കാര്യത്തിലേക്ക് കടന്നു.

“താങ്കളുടെ കയ്യിലുള്ള ഈ പുസ്തകം... ഇതില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?”. എന്റെ ഉത്തരത്തിനു കാത്തു നില്‍ക്കുന്നത് ഒരാള്‍ മാത്രമല്ല... നിരവധി എരുമകളാണ്. 40... 50... അല്ല, അവര്‍ ഒരുപാട് പേരുണ്ട്. അത്രയും സമയത്തിനിടക്ക് ഞാന്‍ ആദ്യമായി കയ്യിലിരിക്കുന്ന പുസ്തകത്തിലേക്ക് നോക്കി...

ഡോ.കാഞ്ച ഐലയ്യയുടെ “എരുമ ദേശീയത”... മുഖചിത്രത്തിലെ എരുമ എന്റെ വഴികാട്ടിയോ?... ഞാ‍ന്‍ തലയുയര്‍ത്തിയപ്പോള്‍, അവരുടെ ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍... ചോദ്യം ഒന്നുകൂടെ.

“താങ്കള്‍ ഇതില്‍ വിശസിക്കുന്നുണ്ടോ?”

കുഴഞ്ഞുപോയി.

വിശ്വസപ്രമാണങ്ങള്‍ക്കു മുന്നില്‍ പോലും വിശ്വസിക്കുന്നു എന്ന് ഒരു ചെറിയ അവിശ്വാസത്തോടെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍, ഇവരോട് ഇവരെപറ്റി എന്തു പറയാന്‍?

ഞാന്‍ പുസ്തകം വായിച്ചില്ലെന്ന് കള്ളം പറഞ്ഞ് നോക്കി. അവസാനത്തെ പേജുകളില്‍ തിരുകിവച്ചിരിക്കുന്ന ബുക്ക്‌മാര്‍ക്ക്‌ കള്ളം പറയില്ലെന്ന് അവരെന്നെ ഓര്‍മപ്പെടുത്തി.

“ഞങ്ങള്‍ക്കറിയേണ്ടത്‌ ഇത്ര മാത്രം. താങ്കള്‍ അതില്‍ വിശ്വസിക്കുന്നുണ്ടോ?”

“മുഴുവനായും അവിശ്വസിക്കുന്നില്ല”

“എന്നുവച്ചാല്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുമില്ല എന്നര്‍ത്ഥം. എന്നാല്‍ ഞങ്ങള്‍... ഇവിടെ കൂടിയവരാരും ഇതില്‍ വിശ്വസിക്കുന്നില്ല. ഒരു ജീവിതം കെട്ടിപ്പടുക്കാന്‍‌ വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. എന്നാല്‍ മാര്‍ഗ്ഗമധ്യേ ഒരു ഫോട്ടോ എടുക്കാനെന്നു പറഞ്ഞ് ഞങ്ങളെ ഇവിടെയാക്കി. നിങ്ങള്‍ കണ്ടുകാണും... സില്‍ക്ക് ബോര്‍ഡ് ഫ്ലൈ ഓവര്‍ കയറും മുന്‍പെ തുരുമ്പിച്ച ഒരു ബോര്‍ഡ്‌... ബാംഗ്ലൂര്‍ നഗരാതിര്‍ത്തി ഇവിടെ തുടങ്ങുന്നു എന്ന്. അവിടെ തടഞ്ഞ് നിര്‍ത്തിയാണ് ഞങ്ങളുടെ ഫോട്ടോ എടുത്തത്‌. താമസിക്കാന്‍ ഇവിടെ ഇടവും തന്നു. പിന്നീടൊരിക്കലും അവരെ കണ്ടില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫോട്ടോകള്‍ ഈ പുസ്തകച്ചട്ടയില്‍ ഞാന്‍ കണ്ടു. പുസ്തകത്തില്‍ അവരെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലായിരുന്നു. പുസ്തകം മുഴുവന്‍ വായിച്ചിട്ടും അവര്‍ എന്തുകൊണ്ട്‌ ഞങ്ങളുടെ പടമെടുത്തു എന്ന് എനിക്ക് മനസ്സിലായില്ല. ഇന്ന് നിങ്ങളുടെ കയ്യില്‍ ഇതു കണ്ടപ്പോള്‍ നിങ്ങളോട് ചോദിക്കാം എന്നു കരുതി. രക്ഷയില്ലെന്ന്‌ മനസ്സിലായി. ക്ഷമിക്കണം... പൊയ്ക്കോളൂ”.

എന്ത്‌ ചെയ്യണം എന്ന്‌ എനിക്ക്‌ ഒരു തീര്‍ച്ചയും ഇല്ലായിരുന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് ഞാന്‍ ഇത്ര മാത്രം ചോദിച്ചു. “പടമെടുത്തതിന് പകരം അവര്‍ വാഗ്ദാനം ചെയ്തത് എന്തായിരുന്നു?”

“ഞങ്ങളെ ഇന്ദിരാനഗറിലെ പശുക്കള്‍ ആക്കാമെന്ന്... തവിട്ടുനിറവും ചുമന്നു തുടുത്ത അകിടുകളുമുള്ള, എല്ലാവരാലും പൂജിക്കപ്പെടുന്ന, കഴുത്തില്‍ മണി കെട്ടിയ...” അയാളുടെ തൊണ്ട ഇടറി. “ഇന്നും രാത്രികാലങ്ങളില്‍ അവര്‍ വരുന്നു... ഞങ്ങളുടെ കുഞ്ഞുങ്ങളുടെ നിറഞ്ഞ അകിടിലെ പാല്‍ ശുദ്ധമായ പശുവിന്‍ പാല്‍ എന്നു പറഞ്ഞ് പാക്കറ്റിലാക്കി വില്‍ക്കുന്നു... എന്നാല്‍ ഞങ്ങള്‍ ഇന്നും......”

പുടിന്‍ തിരിച്ചു പോയി. ഇനി തിരക്കൊഴിഞ്ഞ റോഡുകള്‍. ഒഴിഞ്ഞു കിടക്കുന്ന റോഡിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ ഞാന്‍ ഒന്ന്‍ മനസ്സിലാക്കി... ബാംഗ്ലൂര്‍... എന്നും പശുവിന്‍പാല്‍ കുടിക്കുന്ന പശുക്കളില്ലാത്ത നഗരമാണെന്ന്.

ഇന്ന്‌ നഗരാതിര്‍ത്തി ബൊമ്മനഹള്ളിക്കും അപ്പുറം എവിടെയോ ആണ്. എന്നാല്‍ ബൊമ്മനഹള്ളിയിലെ എരുമകള്‍ നഗരാതിര്‍ത്തി രേഖപ്പെടുത്തിയ പഴയ ആ ഫലകത്തിനടുത്ത് ഇന്ദിരാനഗറിലെ പശുക്കളാകാന്‍ കൊതിച്ചു കിടക്കുന്നു.

ഇടക്കെങ്കിലും അവയോട്‌ സത്യം പറയാന്‍ എനിക്ക് തോന്നും. പിന്നെ എന്റെ സത്യങ്ങളെ എനിക്കു തന്നെ വിശ്വാസമില്ലെന്ന് ഞാന്‍ എന്നോടു തന്നെ പറയും.

അച്ഛന്‍

തീവ്രപരിചരണ വിഭാഗത്തില്‍ ആറാം നമ്പറ് കിടക്കയില്‍
സ്വന്തം ശ്വാസകോശങ്ങളോട്‌ പൊരുതുമ്പോള്‍ ഞാന്‍ കാവല്‍ നിന്നു.
സഹായിക്കാനല്ല..നിസ്സഹായതയുടെ ആഴമളക്കാന്‍.

അവയവങ്ങള്‍ ഓരോന്നായി കയ്യൊഴിഞ്ഞപ്പോള്‍
നിലക്കാറായ ഹൃദയമിടിപ്പിന്റെ താളം കാതോര്‍ത്തു ഞാന്‍ കിടക്കകരികില്‍ നിന്നു.
തളര്‍ന്നുപോയ കൈ പിടിച്ച്...അതിനേക്കാള്‍ തളര്‍ന്ന്‌

തലക്കരികിലെ യന്ത്രങ്ങള്‍ നിശ്ചലമായപ്പോള്‍ അച്ഛനെയും ചുമന്ന് ആംബുലന്‍സില്‍
അച്ഛന്റെ കൈ പിടിച്ചു നടന്ന വഴികളിലൂടെ...............

ചന്ദനത്തിരിയുടെ മണവും ബന്ധുക്കളുടെ കരച്ചിലും അച്ഛന് മടുത്തപ്പോള്‍
കര്‍മങ്ങള്‍...
കാല് തൊട്ടപ്പോള്‍ മരണത്തിന്റെ തണുപ്പ്
അച്ഛനെ മനസ്സില്‍ പ്രാര്‍ത്ഥിച്ച്‌ ഉരുളകള്‍ പകുത്തെടുത്ത് ആത്മാവിന്..

“പൂരം നക്ഷത്രത്തില്‍ ജനിച്ച് അവിട്ടം നക്ഷത്രത്തില്‍ മരിച്ച....“
ഊണുമേശയില്‍ അച്ഛന്‍ ഇനി ഉരുളകള്‍ ഞങ്ങള്‍ക്കായി പങ്കുവക്കില്ല.
സ്വീകരണമുറിയിലെ കസേരയില്‍ അച്ഛന്‍ ഇനി ഉണ്ടാകില്ല.
അലമാരയില്‍ അച്ഛന്റെ പുസ്തകങ്ങള്‍ വായനക്കാരെ കാത്തു കഴിയും.

“പൂരം നക്ഷത്രത്തില്‍ ജനിച്ച് അവിട്ടം നക്ഷത്രത്തില്‍ മരിച്ച....“

അസ്ഥികള്‍ ശേഖരിച്ച മണ്‍കുടം പുഴയിലെ ഒഴുക്കിനൊപ്പം കാണാവുന്നതിനും അപ്പുറത്തേക്ക്‌

പുഴയിലെ ഒഴുക്ക് കൂടും മുന്‍പേ,ഞാന്‍ കരക്ക് കയറി തല തോര്‍ത്തി
തല നനഞ്ഞ് വെള്ളത്തില്‍ കളിച്ച് നടന്നാല്‍ അച്ഛന്‍ വഴക്കുപറയും.

Sunday 1 April 2007

പല്ലിയും ചിലന്തിയും

രാവിലെ ആയതു അറിഞ്ഞില്ല.വാച്ചും സൂര്യനും കള്ളം പറഞ്ഞു..കൂവാന്‍ കോഴികള്‍ ഇല്ലാത്തതുകൊണ്ട് പല്ലി ചിലക്കുന്നതു കേട്ടാണു ഉണര്‍ന്നത്.പല്ലിയെ ദേഷ്യത്തോടെ നോക്കി...ഇമ വെട്ടാതെ..അതോ ഇമ വെട്ടിയോ..അറിയില്ല.പല്ലിക്കു കണ്ണിമകള്‍ ഇല്ലെന്നു തോന്നുന്നു.എപ്പോളും തുറന്നു പിടിച്ചിരിക്കുന്ന ഉണ്ടക്കണ്ണുകള്‍..
"In my dreams...
......
I am gifted and write mighty epics.." *

ആ സ്വപ്നങ്ങളാണു നശിച്ചതു.നശിച്ച പല്ലി.ചിരിക്കുന്ന ഒരു മുഖം പോലുമില്ല ഇതിന്.എഴുതിയതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല..ആശയദാരിദ്ര്യം,വാക്കുകളുടെ കുറവ്..ഇതൊന്നുമല്ല...ഈ നശിച്ച പല്ലി.ആ നോട്ടത്തില്‍ നിന്നൊരു മോചനം വെണ്ടേ..വീട്ടുടമസ്ഥനു പരാതി കൊടുക്കാം,അല്ലെങ്കില്‍ ഭരണകൂടം ഇവറ്റകളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പദ്ധ്തി കൊന്ടുവരട്ടെ.സ്വപ്നങ്ങളിലെ എഴുത്തുകാരന്‍ പേന കൊണ്ടു താണ്ഡവം തുടങ്ങി..പടവാളിനെക്കാള്‍ ശക്തമായ തൂലിക..അതു ആയുധമാക്കി അനീതികള്‍ക്കെതിരെ യുദ്ധം ചെയ്ത പൂര്‍വികരെ ഓര്‍ത്തു..."I am gifted.."...തിരിഞ്ഞു നോക്കിയില്ല.വെള്ളക്കടലാസ്സില്‍ പരാതി നിറഞ്ഞു.പരാതി കവറിലാക്കി പല്ലിയെ നോക്കി.അതിന്റെ ഉണ്ടക്കണ്ണുകളില്‍ ഭയം.വെറുതെ അതിനെ നോക്കി പരിഹസിക്കാന്‍ തോന്നി.അതിന്റെ പുറകില്‍ തന്നെ ഒരു എട്ടുകാലി ഇരിപ്പുന്ട്.എട്ടുകാലി അനങ്ങി,ഒന്നല്ല...ഒരു മൂന്നു നാലടി മുന്നോട്ടു വച്ചു..ഇപ്പോ പല്ലി അതിന്റെ എട്ടു കാലുകള്‍ക്കും എത്താവുന്ന ദൂരത്താണ്.എട്ടുകാലി യുദ്ധം പ്രഖ്യാപിച്ചതാണൊ എന്നൊരു സംശയം.ഞാന്‍ കട്ടിലില്‍ യുദ്ധത്തിന്റെ പ്രൈം ടൈം കവറേജ് കാണാന്‍ കിടന്നു.എട്ടുകാലിയുടെ ആദ്യത്തെ നീക്കം പല്ലിയുടെ കഴുത്തിനിട്ടായിരുന്നു..അതിന്റെ കണ്ണുകള്‍ ഒന്നു കൂടെ പുറത്തേക്കു തള്ളി വന്നു.പല്ലി കരഞ്ഞോ,പക്ഷെ പശ്ചാത്തല സംഗീതം കാരണം കേട്ടില്ല.എട്ടുകാലിയുടെ പിടുത്തം മുറുകി വന്നു,പല്ലിയെ കുറിച്ചുള്ള പരാതി ഞാന്‍ പതുക്കെ കട്ടിലിനു താഴേക്കു ഇട്ടു.
എട്ടുകാലിയുടെ പിടി മുറുകും തോറും സംഗീതം മുറുകി വന്നു.പല്ലി വാലു മുറിക്കാഞ്ഞതു എന്തെന്നു മനസ്സിലായില്ല...ആ വിദ്യ അതിനു കൈമോശം വന്നു കാണുമോ?എന്തായാലും പല്ലിയെ കുറിച്ചുള്ള പരാതിക്കത്തിനു മുകളിലേക്കു തന്നെ അതു വീണു..കൂടെ എട്ടുകാലിയും.അതു പല്ലിയുടെ കഴുത്തിലെ പിടി വിടാന്‍ തയ്യാറല്ലായിരുന്നു..ഇനി പല്ലി പിടയില്ലെന്നു ഉറപ്പുവരുത്തിക്കാണണം..എട്ടുകാലി തിരിച്ചു മുകളിലെക്ക് പോയി.എന്റെ പുതിയ സുഹ്രുത്തിനു എട്ട് കാലുകളുണ്ടു...രണ്ടുകാലുകളില്‍ ന്യൂനപക്ഷമായതിന്റെ അപകര്‍ഷതാബോധം എന്നെ പെട്ടെന്നു വിട്ടു പിരിഞ്ഞു.
എനിക്കു ചുറ്റും എട്ടുകാലി ന്ര്ത്തം ചവിട്ടാന്‍ തുടങ്ങി...അതിന്റെ താളത്തിനൊത്ത ഒരു സംഗീതം ഞാനും അറിയാതെ മൂളിപ്പോയി...മൂളല്‍ അലര്‍ച്ചയായോ എന്നൊരു സംശയം...എന്തായാലും അതിനൊടുവില്‍ എനിക്കു ചുറ്റും ഒരു ചിലന്തിവല തീര്‍ത്തു എട്ടുകാലി വിശ്രമം തുടങ്ങി.നേര്‍ത്ത ആ വലക്കുള്ളില്‍ ഇപ്പോ എല്ലാം ഉണ്ടു...വാതിലുകളും ജനലകളും ഒഴികെ.

ഒരു ചെറിയ മരക്കമ്പുകൊണ്ടു ഒരു വാതിലും ജനലും തീര്‍ക്കാന്‍ നോക്കിയപ്പോളാണു വലകളുടെ ശക്തി മനസ്സിലായത്.നല്ല ഉറപ്പുള്ള വലകള്‍,ചത്തു പോയ പല്ലിയുടെ ശരീരത്തില്‍ ഉറുമ്പുകള്‍ പോലും വന്നില്ല..വലകളുടെ സുതാര്യതയിലൂടെ സൂര്യവെളിച്ചം എത്തി നോക്കിയില്ല..അല്ല ഇപ്പോള്‍ വലകള്‍ തീര്‍ത്ത ചിലന്തി പോലും ഇവിടെ ഇല്ല..മരണപ്പെട്ട പല്ലിയും സാക്ഷിയായ ഞാനും കൊലപാതകി തീര്‍ത്ത സങ്കേതത്തില്‍..സമയം എന്തായി...നേരം വെളുത്തു കാണണം.

*(കവിത സിംബോര്‍സ്കയുടെതാണു..."In Praise of Dreams..")