Sunday, 15 April 2007

ബര്‍മ ബസാര്‍

ബര്‍‌മ ബസാര്‍.എപ്രില്‍ മാസത്തിന്റെ ചൂടു സഹിക്കാന്‍ പറ്റാത്തതുകൊണ്ട് കച്ചവടം നടത്തുന്നവര്‍ പോലും കടയുടെ പുറത്ത് നില്‍ക്കുന്നു. ബര്‍മബസാറിന്റെ ഇടുങ്ങിയ, ശ്വാസം മുട്ടുന്ന വഴികളില്‍ വിദേശനിര്‍മിത വ്യാജവസ്തുക്കള്‍ വാങ്ങാന്‍ ഈ ചൂടുകാലത്തും വലിയ തിരക്കാ‍ണ്. അതിനകത്ത് കയറിയാല്‍ ശരിക്കും ശ്വാസം മുട്ടും...പക്ഷേ പാശ്ചാത്യകമ്പോളങ്ങളില്‍ മാത്രം കാണുന്ന പല വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും അവിടെ കുറഞ്ഞ വിലക്ക് കിട്ടും. അതുകൊണ്ടുതന്നെ അവിടം സന്ദര്‍ശിക്കാത്ത ബാംഗ്ലൂര്‍ നിവാസികളും കുറവായിരിക്കും. ഒന്നും വാങ്ങാന്‍ വേണ്ടിയായിരുന്നില്ല ഞാന്‍ അന്ന് ബര്‍മ ബസാറില്‍ വന്നത്.സിനിമാക്കമ്പക്കാരനായ സുഹൃത്തിന് കൂട്ടുവന്നു എന്ന് മാത്രം. അവിടെ കിട്ടുന്നത്രയും വില കുറഞ്ഞ് സി.ഡി കളും മറ്റും എവിടെയും കിട്ടില്ല...കടയുടമ കൊടുത്ത ഒരു കെട്ട് സിനിമകളില്‍ അവന്‍ തല പൂഴ്ത്തി നില്‍ക്കുമ്പോള്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ പതുക്കെ പുറത്തേക്ക് നടന്നു.

ബ്രയന്‍ ലാറ 2007 എന്ന ഒരു ബോര്‍ഡ് കണ്ടപ്പോളാണ് ഞാന്‍ ആ കടയുടെ മുന്നില്‍ നിന്നത്.ക്രിക്കറ്റില്‍ ഉള്ള ചെറിയ താത്പര്യം കാരണം ഞാന്‍ ആ ബോര്‍ഡിലേക്ക് നോക്കി നിന്നു.പുതിയ എതോ ഗെയിം ആണ്.പുതിയ ഗ്രാഫിക്സ് ഓപ്ഷന്‍സ്..അങ്ങനെ പലതും എഴുതിയിരിക്കുന്നു.
“സര്‍” വളരെ വിനയത്തോടെ ഒരു ശബ്ദം... “ഇങ്ങോട്ടുവരൂ, ഇവിടെ ഇതുപോലുള്ള പുതിയ ഗെയിംസ് ഒരുപാടുണ്ട്.”ബോര്‍ഡിന്റെ പുറകിലേക്ക് നീങ്ങിയത് അയാളുടെ നീട്ടിയ കൈകളെ പിന്തുടരാന്‍.ബര്‍മബസാറിന് പരിചയമല്ലാത്ത ഒരു വേഷവിധാനമായിരുന്നു അയാ‍ളുടേത്.ഈ കട ഇവിടെ ഇതിനുമുന്‍പു കണ്ടിട്ടില്ലല്ലോ എന്ന ഒരു ചോദ്യം എന്റെ നോട്ടത്തില്‍ പ്രകടമായതുകൊണ്ടാകാം അയാള്‍ തുടര്‍ന്ന് ഇങ്ങനെ പറഞ്ഞത്... “എല്ലാറ്റിനും വിലക്കിഴിവുണ്ട് സാര്‍.എക്സ്-ബോക്സ്,പ്ലേ സ്റ്റേഷന്‍ എന്നിവയുടെതിന് പ്രത്യേക കിഴിവുകളും ഉണ്ട്.” സുഹൃത്തിന്റെ സിനിമാന്വേഷണം ഇനിയും നീണ്ടുപോകും എന്നുറപ്പുള്ളതുകൊണ്ട് ഞാന്‍ ആ ആതിഥ്യം സ്വീകരിക്കാന്‍ തീരുമാനിച്ചു.ബര്‍മ ബസാറില്‍ സാധാരണ കാണാറില്ലാത്ത ഒരു കോര്‍പ്പറേറ്റ് കസ്റ്റമര്‍ കെയര്‍ മനോഭാവം മാത്രം എനിക്ക് ഒരു അസ്വസ്ഥതയുണ്ടാക്കി.അയാള്‍ എനിക്കൊരു ലഘുലേഖ തന്നു,അതില്‍ പുതിയ എല്ലാ റിലീസുകളെ പറ്റിയും വിശദാംശങ്ങള്‍ ഉണ്ടത്രെ.എന്റെ മുന്നില്‍ വിനയത്തോടെ അയാള്‍ നിന്നു.

വിശാലമായ ഷോപ്പ്.ഇതും ബര്‍മാ ബസാറിന്റെ പതിവിനു വിപരീതമാ‍ണ്.ചില്ല് കൊണ്ടുള്ള ചുവരുകളുള്ള മുറികളില്‍ ഉള്ളത് കുട്ടികള്‍..പത്ത് വയസ്സ് പോലും കാണില്ല അവര്‍ക്ക്.അവര്‍ അനങ്ങുന്നുണ്ടോ എന്ന് എനിക്കുറപ്പില്ലായിരുന്നു.സൂക്ഷിച്ച് നോക്കിയാല്‍ ഞാന്‍ ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുന്ന ആളാണോ എന്ന് അവര്‍ സംശയിക്കും.എന്നാലും അവിടെ ഇരിക്കുന്നതെല്ലാം കുട്ടികള്‍ ആണ്.ബര്‍മാ ബസാര്‍ തന്നെ നിയമത്തില്‍ നിന്നും ഒരുപാട് ദൂരെ ആയതുകൊണ്ട് ഞാന്‍ അധികം ആലോചിച്ചില്ല.

ലഘുലേഖയുടെ ആദ്യത്തെ താളുകളില്‍ കണ്ട ചില കളികള്‍ എനിക്ക് മനസ്സിലായില്ല.ഞാന്‍ പതുക്കെ താളുകള്‍ മുന്നോട്ടു മറിച്ചു.നാലമത്തെ പേജില്‍ കണ്ട തലക്കെട്ട് എന്നെ ഞെട്ടിച്ചു.

“ഇത്...”

“അതെ സര്‍. ഇതു ഒരു പുതിയ തരം ഗെയിം ആണ്.സര്‍ അങ്ങോട്ട് ഞങ്ങളുടെ ലബോറട്ടറിയിലേക്ക് നോക്കൂ.ഇത് ഇവിടത്തെ ഏറ്റവും പുതിയ ഒരു പ്രൊഡക്റ്റ് ആണ്. ഈ കുട്ടികളെ ഞങ്ങള്‍ ഈ ഗെയിം ഉണ്ടാക്കാന്‍ മാത്രം സുഡാനില്‍ നിന്ന് വരുത്തിയതാണ്. സിമുലേഷന് പകരം യഥാര്‍ഥ വികാരങ്ങള്‍ ആണ് ഇതിലുടനീളം ഞങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.”

സുഡാന്‍ എന്ന പേര് കേട്ടപ്പൊളാണ് തലക്കെട്ടിന്റെ ഗൌരവം എനിക്ക് പിടികിട്ടിയത്. 4 ഘട്ടങ്ങളായാണ് അവര്‍ ഡാര്‍ഫര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.ഒന്നാം ഘട്ടത്തില്‍ കുതിരപ്പുറത്ത് ആയിരം ജവാന്മാരെ നമുക്ക് കിട്ടും.അവര്‍ക്ക് ആക്രമിക്കാനുള്ള ഗ്രാമങ്ങള്‍ നമ്മള്‍ കാണിച്ചുകൊടുക്കണം.മൂന്നോ അതിലധികമോ ഗ്രാമങ്ങള്‍ 30 നിമിഷത്തിനകം ആക്രമിച്ച് അവിടത്തെ ശത്രുക്കളെ കൊന്നൊടുക്കണം.അത്യാധുനിക തോക്കുകള്‍ അവര്‍ക്കുണ്ട്.ഈ കുട്ടികളാണ് ഗ്രാഫിക്സ് കൈകാര്യം ചെയ്തത്.തോക്കുകളേന്തിയ കുതിരക്കാരുടെ മുഖത്തെ ക്രൌര്യം,അതു കാണുന്ന ഗ്രാമങ്ങളിലെ കൈയേറ്റക്കാരുടെ വികാരങ്ങള്‍,അവരുടെ കുട്ടികള്‍,ഭാര്യമാര്‍ ഇവരുടെ കീഴ്പ്പെടുന്ന സമയത്തുള്ള നിരാശ...എല്ലാം ഈ കുട്ടികള്‍ ഭംഗിയായി സിമുലേറ്റ് ചെയ്തു.ഒരു സിനിമയില്‍ പോലും ചെയ്യാന്‍ പറ്റാത്തത്ര കൃത്യതയോടെ.ആ കുട്ടികളെ കുറിച്ച് പറയുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ആവേശമായിരുന്നു.

“സാറിന്റെ കമ്പ്യൂട്ടറില്‍ നല്ല ഗ്രാഫിക്സ് കാര്‍ഡ് ഉണ്ടോ? ഇല്ലെങ്കില്‍ ഇവിടെ വാങ്ങാം.ഞങ്ങളുടെ ഈ പുതിയ ഗെയിം നല്ല മള്‍ട്ടിമീ‍ഡിയ സപ്പോര്‍ട്ടോടുണ്ടെങ്കിലേ വിചാരിച്ച ഇഫക്ട് കിട്ടുള്ളൂ.”

“രണ്ടാം ഘട്ടം എന്താണ്?” എനിക്ക് ചോദിക്കാതിരിക്കാന്‍ തോന്നിയില്ല.

“അത്‌ നമ്മുടെ കൌമാരക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഇപ്പോ എന്തിനും ഒരല്പം മസാ‍ല വേണ്ടേ സര്‍?”

എനിക്ക് മനസ്സിലായില്ല.കീഴടക്കിയ ശത്രുക്കളുടെ ഭാര്യമാരെയും പെണ്‍കുഞ്ഞുങ്ങളെയും കുതിരജവാന്മാര്‍ സ്വന്തം താവളത്തിലേക്ക് കൊണ്ടുവരും.അവരുടെ ശിക്ഷ അവിടെ വച്ചാണ്.ഇത് കാണാനായി ശത്രുക്കളുടെ ആണ്‍കുഞ്ഞുങ്ങളെ സാക്ഷിയാക്കണമത്രെ. 30 നിമിഷം കൊണ്ട് അവരുടെ ശിക്ഷ നടപ്പിലാക്കണം.ഒരു ജവാന്‍ 3 സ്ത്രീകളെ മാത്രമേ അനുഭവിക്കാവൂ. മൌസ് ഉപയോഗിക്കുന്ന സ്പീഡ് ഇതില്‍ വളരെ പ്രധാനമാണത്രെ.നിങ്ങള്‍ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി.ജവാന്മാരുടെ രതിമൂര്‍ച്ഛയും, സ്ത്രീകളുടെ കരച്ചിലും എല്ലാം റിയല്‍ ആയി ചെയ്തിട്ടുണ്ട് എന്ന് അയാള്‍ പറഞ്ഞ് നിര്‍ത്തി.

“ഈ കുട്ടികള്‍ തന്നെയാണൊ ഇതും ഡിസൈന്‍ ചെയ്തത്?” എനിക്ക് വീണ്ടും ചോദിക്കാതിരിക്കാനായില്ല.

“അതെ സര്‍.ഇവരില്‍ പലരും എന്നോട് പറഞ്ഞത് അവര്‍ ഇതൊക്കെ നേരിട്ട് കണ്ടിട്ടുണ്ട് എന്നാണ്.വിശ്വസിക്കാനായില്ല... ഇവരുടെ ഭാഗ്യം.നമുക്കിതൊക്കെ കാണാന്‍ സിനിമ വേണമായിരുന്നു.അതും ഒന്നോ രണ്ടോ കാണിച്ചാലായി.ഇതിന്റെ ആദ്യത്തെ ടെസ്റ്റ് നടക്കുമ്പോള്‍ ഇവരുടെ മുഖത്തെ ഭാവങ്ങള്‍ അതുപോലെ പകര്‍ത്തിയാണ് ഗെയിമിലെ ആണ്‍കുട്ടികളുടെ ഇമേജസ് ഫൈനല്‍ ടച്ച് ചെയ്തത്‌. കുറച്ച് പെണ്‍കുട്ടികളെ കിട്ടിയാല്‍ അവരുടെ കൂടെ ഭാവങ്ങള്‍ ഒറിജിനല്‍ ആക്കാമായിരുന്നു.” അയാളുടെ വാക്കുകളില്‍ നിരാശ.

മൂന്നാം ഘട്ടത്തിന് ഇവരെ ആവശ്യമില്ല.അതില്‍ ശത്രുസംഹാരത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കലാണ്.ആളൊഴിഞ്ഞ ഗ്രാമങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കണം.അവിടെ കിണറുകളില്‍ വെള്ളത്തിനു പകരം വരുന്നത് എണ്ണയാണ്.അതുകൊണ്ട് എണ്ണയില്‍ വളരുന്നത് മാത്രമേ അവിടെ നടാന്‍ പാടുള്ളൂ.

എണ്ണയില്‍ വളരുന്ന ചെടി എന്താണെന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കേ ഗ്ലാസ്സ് ലാബോറട്ടറികളില്‍ നിന്ന് ഞാന്‍ നേരത്തെ കണ്ട കുട്ടികള്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി.നിശ്ശബ്ദരായി തല കുനിച്ച്. ഇവരുടെ തിരിച്ചുള്ള ഫ്ലൈറ്റ് ഇപ്പോളാണ് എന്ന് പറഞ്ഞ് എന്നെ സഹാ‍യിച്ചുകൊണ്ടിരുന്ന സെയില്‍‌സ് ബോയ് എവിടേക്കോ പോയി.

ഇവര്‍ എങ്ങോട്ട് പോകുന്നു എന്ന എന്റെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല.

ലഘുലേഖയുടെ അടുത്ത പേജുകള്‍ മറിച്ചുനോക്കിയത് സുഹൃത്തുമൊത്ത് വീട്ടില്‍ ചെന്നിട്ടാണ്.5 ഘട്ടങ്ങളുള്ള റവാണ്ട,കോംഗോ,ലൈബീരിയ,നൈജീരിയ ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്.യാഥാര്‍ത്ഥ്യത്തോട്‌ അടുത്ത് നില്‍ക്കുന്ന അവതരണമാണ് എല്ലാ‍റ്റിണ്ടെയും പ്രത്യേകത. ഉപയോഗിക്കേണ്ട വിദേശനിര്‍മ്മിത ഹാ‍ര്‍ഡ് വെയര്‍ എല്ലാം ലിസ്റ്റില്‍ കൃത്യമായി കൊടുത്തിരിക്കുന്നു.

ആ കുട്ടികള്‍ എങ്ങോട്ട് പോയോ ആവോ? അവരുടെ പേരെന്താണ് എന്ന്‌ അറിയാനെങ്കിലും ഡാര്‍ഫര്‍ വാങ്ങാമായിരുന്നു എന്നെനിക്ക് തോന്നി...ഇന്നത്തെ പത്രം കാണുന്നത് വരെ. ബര്‍മാബസാറില്‍ ഇന്നലെ നടന്ന സ്ഫോടനത്തിന്റെ പേരില്‍ അറസ്റ്റിലായ സുഡാന്‍ പൌരന്മാര്‍... അബു,അലി,മൂസ എന്നിങ്ങനെ പേരുകള്‍.പേരുകേട്ടാല്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഞാന്‍ കണ്ട ബര്‍മ ബസാറിലെ പുതിയ വീഡിയോ ഗെയിം ഷോപ്പ് മതിഭ്രമത്തില്‍ കവിഞ്ഞ് ഒന്നുമാകില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. എന്റെ സുഹൃത്തിനോട് പോലും അതിനെ പറ്റി ഞാന്‍ പറഞ്ഞില്ല. പതുക്കെ ടി.വി. ഓണ്‍ ചെയ്ത് ഡാര്‍ഫറിന്റെ മൂന്നാം ഘട്ടത്തില്‍ എണ്ണയൊഴിച്ച് വളര്‍ത്തേണ്ട ചെടി എതാണെന്ന് ഞാന്‍ ആലോചിച്ച് കൊണ്ടിരുന്നു.

23 comments:

കെ.പി said...

ബര്‍മ ബസാറില്‍ കണ്ടത്...

കുതിരവട്ടന്‍ said...

ഈ ഗെയിം online ആയി കളിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ. ഞാന്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ “University of Southern California graduate student Susana Ruiz, the game's creator“ എന്നു കണ്ടു.

Moorthy said...

കൊള്ളാം..

“പേരുകേട്ടാല്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞ സ്ഥിതിക്ക് .....“

ഇതിലെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്നത് അത്ര മനസ്സിലായില്ല. തിരിച്ചറിഞ്ഞ എന്നു തന്നെയാണോ എഴുതിയത്?
qw_er_ty

വിഷ്ണു പ്രസാദ് said...

ഇതേ വരെ വന്ന എല്ലാ പോസ്റ്റുകളിലും പ്രതിഭയുടെ കയ്യൊപ്പുണ്ട്.ബൂലോകത്തിനു കിട്ടിയ ഭാഗ്യങ്ങളില്‍ ഒന്നാവും ഈ ബ്ലോഗ്.മതിഭ്രമങ്ങളില്‍ നിങ്ങള്‍ ലോകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കിടുന്നല്ലോ.
നന്ദി.

ഇത്തിരിവെട്ടം|Ithiri said...

നല്ല എഴുത്ത്...

Sul | സുല്‍ said...

നന്നായി എഴുതി.
ആശങ്കകളും ആകുലതകളും നന്നായി വര്‍ഞ്ഞിട്ടിരിക്കുന്നു.
-സുല്‍

പരസ്പരം said...

ഒഡ്രൊഡെക്കിനെ കാണുന്നത് വിഷ്ണുപ്രസാദിന്റെ വരികളിലൂടെ. എല്ലാ പോസ്റ്റുകളും ഒറ്റയടിയ്ക്ക് വായിച്ചു. എഴുത്ത് വ്യത്യസ്ത തലത്തില്‍ നിന്ന്, അത് വിളിച്ചോതുന്ന ബ്ലോഗ് തലക്കെട്ടും അതിന്റെ അനുബന്‌ധ വരികളും..തുടര്‍ന്നും എഴുതുക.. ബൊമ്മനഹള്ളിയും, ബര്‍മ്മയും നന്നായി.

വല്യമ്മായി said...

നല്ല ലേഖനം

Anonymous said...

KP,super aayi. abhinandanagal

@kuthiravattan
I did not understand the exact point of your comment. Just because there is a game about Darfur available in the internet, one shouldn't jump to the absurd conclusion that KP is writing about the same thing. I find that both are different.

Sorry for posting in English. -Sanjeev

കെ.പി said...

കുതിരവട്ടന്‍ - നന്ദി.ഗെയിമിനെ പറ്റിയല്ല എഴുതിയത്.ഗെയിം ചൂണ്ടിക്കാട്ടിയതിന് നന്ദി.

മൂര്‍ത്തി,ഇത്തിരിവെട്ടം,സുല്‍,പരസ്പരം,വല്യമ്മായി,സഞ്ജീവ്... എല്ലാവര്‍ക്കും നന്ദി.

വിഷ്ണുമാഷിനു ഇതു ഗൂഗിള്‍ റീഡര്‍ വഴി മറ്റുള്ളവര്‍ വായിക്കാന്‍ സഹായിച്ചതിന് അതിയായ നന്ദി.

കുട്ടന്‍സ്‌ said...

കെ പി,

നല്ല ശൈലി..വാക്കുകള്‍ക്ക് നല്ല തീഷ്ണത..വളരെയധികം ഇഷ്ടമായി...

സുഷേണന്‍ :: Sushen said...

അധികമാരും പറയാത്ത, അല്ലെങ്കില്‍ പറയാന്‍ മടിക്കുന്ന കഥയാണ്‌ ദാര്‍ഫറിന്റെ കഥ. 20 ലക്ഷത്തിലധികം പേര്‍ മരിച്ചിട്ടും ലോകം കണ്ടില്ലെന്ന്‌ നടിക്കുന്ന ദാര്‍ഫര്‍. ഈ കഥ ഇത്ര സുന്ദരമായി വരച്ചിട്ടതിനു്, KP-ക്കു് നന്ദി.

ലാപുട said...

രാജേഷ്,
മതിമറന്നുറങ്ങാന്‍ മടിക്കുന്ന, ഇക്കിളികളെ ഇഷ്ടങ്ങളില്‍ നിന്ന് പുറത്താക്കുന്ന ഒരുപാട് ജാഗ്രതകള്‍ നിങ്ങളുടെ വാക്കുകളില്‍ ...
ഇനിയുമിവിടെ എഴുതാനുള്ളവയ്ക്ക് വേണ്ടി കാത്തിരിക്കുന്നു...
ഭാവുകങ്ങള്‍...:)

Manu said...

ലാപുടയുടെ കമന്റ് കണ്ടാണ് ഇവിടെ എത്തിയത്. violence (അക്രമം എന്ന മലയാളപദം ഒഴിവാക്കിയത് മനഃപൂര്‍വം) ഏറ്റവും വിലയുള്ള വിലപനച്ചരക്കാണെന്ന് ഒരു ഞടുക്കത്തോടെ അറിയുന്നു. വാര്‍ത്തയായി. വിനോദമായി.. വോട്ടിനുള്ള ഗിമ്മിക്കായി... വേട്ടയാടാനുള്ള ആയുധമായി അത്... ഈശ്വരാ

-രക്ഷ തന്‍ മന്ത്രച്ചരടറ്റുവോ സ്വയം
രക്ഷിക്കയുണ്ണീയെന്നമ്മ മന്ത്രിച്ചുവോ..

അഭിനന്ദനങ്ങള്‍ .. ഈ പേജില്‍ ഇനിയും വരും പ്രതീക്ഷയോടെ.

Pramod.KM said...

ആദ്യമായാണ്‍ ഈ വഴിക്ക്.
ബറ്മ്മ ബസാറ് ഗംഭീരമായിട്ടുണ്ട്.
ഇതിലൂടെ ഒന്നു നടന്നു നോക്കട്ടെ!!;)

വിശാല മനസ്കന്‍ said...

കലക്കന്‍ എഴുത്ത്. ഞാന്‍ ഫ്ലാഷിലെടുക്കുന്നു. പലവട്ടം വായിക്കേണ്ടവയിലാണിവന്റെ സ്ഥാനം. ആശംസകള്‍!

വേണു venu said...

ആദ്യമായാണു് ഇവിടെ വന്നതു്.
ബര്‍‍മ്മ ബസാറു് നന്നായെഴുതിയിരിക്കുന്നു.
അച്ഛനു്, ആ ഓര്‍മ്മക്കുറിപ്പും തീവ്രമായി അനുഭവപ്പെട്ടു.
ആശംസകള്‍.:)

സുജിത്‌ ഭക്തന്‍ said...

കൊള്ളാം
പക്ഷെ ആദ്യ പേജിലുള്ള പോസ്റ്റുകളുടെ എണ്ണം ഒന്നായി ചുരുക്കുന്നതു ബ്ലോഗിന്റെ ബംഗി കൂട്ടുന്നതിനു സഹായിക്കും .

സെറ്റിംഗ്സില്‍ ബസിക്‌ എന്ന ഓപ്ഷനില്‍ പോയി മാറ്റാവുന്നതാണ്‍

കെ.പി said...

കുട്ടന്‍സ്,സുഷേണന്‍..വളരെ നന്ദി.

ലാപുട ... നന്ദി.വീണ്ടും കാണാം ഈ ചതുരത്തിനുള്ളില്‍.

മനു -വേട്ടയാടപ്പെടുന്നവര്രെയും, വേട്ടക്കാരെയും തിരിച്ചറിയാന്‍ നമുക്ക് എന്നും കഴിയട്ടേ.

പ്രമോദ്,വിശാലമനസ്കന്‍,വേണു,സുജിത് : ഇനിയും ഈ വഴി വരണം.

കെ.പി.

ദൃശ്യന്‍ said...

രാജേഷ്,

“പേരുകേട്ടാല്‍ തന്നെ തീവ്രവാദം ഉണ്ടെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഞാന്‍ കണ്ട ബര്‍മ ബസാറിലെ പുതിയ വീഡിയോ ഗെയിം ഷോപ്പ് മതിഭ്രമത്തില്‍ കവിഞ്ഞ് ഒന്നുമാകില്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.“ - ഇത്തരം മതിഭ്രമങ്ങളില്‍ ന്‍ ഇന്നു നമുക്കൊന്നും മോചനമുണ്ടാകില്ല എന്ന് തീര്‍ച്ച!

ഡാര്‍ഫരിനെ കുറിച്ച് കൂടുതല്‍ ഇവിടെ കാണാം.
http://en.wikipedia.org/wiki/Darfur

മറ്റു പോസ്റ്റുകള്‍ വായിച്ചില്ല, വായിച്ച് അഭിപ്രായം പറയുന്നതായിരിക്കും :-)

സസ്നേഹം
ദൃശ്യന്‍

ദൃശ്യന്‍ said...

രാജേഷ്/കെ.പി

അഭിനന്ദനങ്ങള്‍!!!

ബര്‍മ ബസാര്‍ , ബൊമ്മനഹള്ളിയിലെ എരുമകള്‍ , അച്ഛന്‍ , പല്ലിയും ചിലന്തിയും - ഈ പോസ്റ്റുകള്‍ വായിച്ചു - ഒഡ്രാഡെക്കിന്‍‌റ്റെ ഡീറ്റൈയില്‍‌സ് അടക്കം. ഒരു പോസ്റ്റിനെയും കുറിച്ച് ആധികാരികമായി പറയാന്‍ എന്‍‌റ്റെ വിജ്ഞാനം മതിയാകില്ല എന്ന് തോന്നിയതിനാല്‍ അതിന് മുതിരുന്നില്ല.

ചുറ്റും നടക്കുന്ന ‘തൊടാനാകാത്ത’ പ്രശ്നങ്ങളിലുള്ള ഒരു സാധാരണക്കാരന്‍‌റ്റെ വ്യാകുലത എല്ല പോസ്‌റ്റുകളിലും കണ്ടു, തിരിച്ചറിഞ്ഞു, മനസ്സിലായി. ഒരേപോലത്തെ മനസ്സുകള്‍ ഒരുപാടുണ്ട് ലോകത്ത് എന്നറിഞ്ഞതില്‍ സന്തോഷം തോന്നി!

തുടര്‍ന്നും ഒരുപാടെഴുതുക.... മനസ്സിലെ കനലുകള്‍ക്ക് ഇതേ തീവ്രത പകര്‍ന്നു കൊണ്ട് ഇനിയും ഒരുപാടെഴുതുക, അളവ് കുറഞ്ഞാലും,നല്ലത് മാത്രം!

സസ്നേഹം
ദൃശ്യന്‍

kaithamullu - കൈതമുള്ള് said...

എഴുത്തിന്റെ ഒഴുക്കും ഭാഷയുടെ തീഷ്ണതയും ഇഷ്ടായി. മറ്റു പോസ്റ്റുകള്‍ സൌകര്യം പോലെ വായിച്ച് പിന്നെ കമന്റാം.

കെ.പി said...

ദൃശ്യനും കൈതമുള്ളിനും നന്ദി. ഇനിയും ഈ വഴി വരണം.

-കെ.പി