Monday, 20 August 2007

അംഗുലീമാലന്‍

“സാറിന് ശില്‍പ്പങ്ങള്‍ വേണോ?” ചോദ്യത്തിന്റെ ദിശയില്‍ ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍. അവന്റെ കയ്യില്‍ ഒരു മരത്തട്ടില്‍ നിറയെ ശില്‍പ്പങ്ങള്‍...ഒറ്റനോട്ടത്തില്‍ അവ ആനക്കൊമ്പുകൊണ്ടുണ്ടാക്കിയവയാ‍ണെന്ന് തോന്നും. ദൈവങ്ങളും ചില സ്ഥിരം രൂപങ്ങളും ഒക്കെ ആ കൂട്ടത്തിലുണ്ട്. പൊതുവെ വഴിക്കച്ചവടക്കാരില്‍ നിന്ന് ശില്പങ്ങള്‍ വാങ്ങുന്ന ശീലം എനിക്കില്ലാത്തതുകൊണ്ട് ഞാന്‍ അവനെ അത്ര ശ്രദ്ധിച്ചില്ല. എന്നാല്‍ അവന്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല..”സര്‍, ഇതിലൊന്ന് വാങ്ങിക്കൂ. സാറിന്റെ സ്വീകരണമുറിയില്‍ ഇവക്ക് നല്ല ഭംഗിയുണ്ടാകും.”
ആ വാക്കുകള്‍ കേട്ട് ഞാന്‍ അമ്പരന്നു. എന്റെ സ്വീകരണമുറിയെ പറ്റി അവനെങ്ങനെ അറിയാം എന്നതായി ചിന്ത. എന്തായാലും ശില്‍പ്പങ്ങള്‍ നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു വിരലിനോളം നീളമുള്ള രൂപങ്ങള്‍.. അവ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്തതാണെന്നും, എന്നാല്‍ നല്ല തിളക്കമുള്ളവയാണെന്നും അവന്‍ പറഞ്ഞു. എഴുപത്തഞ്ച് രൂപക്ക് കൊടുക്കുന്ന അവ എനിക്ക് അറുപത് രൂപക്ക് തരാമെന്നും എന്റെ സ്വീകരണമുറിയില്‍ ഇവയോളം ഭംഗി വേറെ ഒന്നിനും ഉണ്ടാകില്ലെന്നും അവന്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍ ഞാന്‍ കുറെ രൂപങ്ങള്‍ വാങ്ങി. അവ ദൈവങ്ങളുടേതാകരുതെന്ന് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാം എടുത്തു കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കൊരു കുഞ്ഞു ശില്‍പ്പം തന്നു.ഒരു മുഖം, ഒരു കുഞ്ഞിന്റെ മുഖം... ഇതിന് വില തരേണ്ട എന്നൊരു ആശ്വാസവാക്കും. എല്ലാറ്റിനും ചേര്‍ത്ത് തന്നെ ഞാന്‍ വില കൊടുത്തു. ചെറിയ ശില്പത്തിന്റെ വില അവനെ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കേണ്ടി വന്നു എന്ന് മാത്രം.

ആ പാര്‍ക്കിലേക്ക് പിന്നീട് നടത്തിയ യാത്രകളിലൊന്നും അവനെ ഞാന്‍ കണ്ടതേയില്ല..ഇടക്കെങ്കിലും അവനെ ഒന്ന് കണ്ടിരുന്നെങ്കില്‍ എന്ന് തോന്നിയിരുന്നു...മറ്റൊന്നും കൊണ്ടല്ല...സ്വീകരണമുറിയിലെ ആള്‍രൂപങ്ങള്‍ എനിക്ക് മാത്രമല്ല എന്നെ കാണാനെത്തുന്നവര്‍ക്കും പ്രിയപ്പെട്ടതായിരുന്നു.ചെറുവിരലില്‍ കൊത്തിയതെന്ന് തോന്നുന്ന ആ കുഞ്ഞുമുഖം പലര്‍ക്കും ഏറെ ഇഷ്ടമായി. അവനെ കാണണമെന്നും അഭിനന്ദിക്കണമെന്നും മനസ്സില്‍ ഉണ്ടായിരുന്നു.യാദൃശ്ചികമായി അന്ന് അവനെ കണ്ടപ്പോള്‍ പക്ഷേ അതൊന്നും എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ വരവ് നിലച്ച കാരണം ശില്‍പ്പങ്ങള്‍ ഉണ്ടാക്കാനാകുന്നില്ലെന്ന് അവന്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ തന്നെ അവന്‍ എന്നെ തിരിച്ചറിഞ്ഞതിലായിരുന്നു എനിക്ക് അദ്ഭുതം. ദൈവങ്ങളെ ഒന്നും വാങ്ങാഞ്ഞതുകൊണ്ട് അവന്‍ എന്നെ പ്രത്യേകമാ‍യി ഓര്‍ത്തതെന്ന് പറഞ്ഞു. കുറച്ചു നേരം മടിച്ച് നിന്ന ശേഷം അവന്‍ എന്നോട് അമ്പത് രൂപ ചോദിച്ചു. നാളെ ഇവിടെ വച്ച് സാറിന് തിരികെ തരാം. പിന്നെ ഇനി പി.ഓ.പി വന്നാല്‍ ആദ്യം ഒരു ശില്‍പ്പം സാറിനുള്ളതെന്നു വാഗ്ദാനവും. പൈസ എന്തിനെന്ന് ചോദിച്ചപ്പോള്‍ അനിയത്തിക്ക് പനി ഉണ്ടെന്നും അവന് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നല്‍കുന്നയാളിന്റെ സുഹൃത്തും അയല്‍ക്കാരനുമായ ഒരു ഡോക്ടറെ കാണിച്ചെന്നും അവള്‍ ആശുപത്രിയില്‍ ആണെന്നും ചില അത്യാവശ്യത്തിനാണ് അതെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് അവന്‍ പെട്ടെന്ന് എങ്ങോട്ടോ മറഞ്ഞു.

കുറച്ച് നേരം കൂടെ അവന്‍ നിന്നിരുന്നെങ്കില്‍ അഭിനന്ദനങ്ങളറിയിക്കാനും പിന്നെ അവന്റെ കരവിരുതിന് പറ്റിയ എന്തെങ്കിലും നല്ല തൊഴില്‍ പരിശീലിക്കുന്നതിനെ പറ്റി പറയണമെന്നും ഉണ്ടായിരുന്നു. അവന്റെ വരവ് ആ അമ്പത് രൂപ വാങ്ങിക്കാന്‍ ഉള്ള ഒന്നായിരുന്നോ എന്ന് പോലും തോന്നി. പറ്റുമെങ്കില്‍ നാളെ അവനെക്കുറിച്ച് കൂടുതല്‍ അറിയണം എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

പിറ്റേന്ന് പാര്‍ക്കിലെത്തിയപ്പോള്‍ അവനെ അവിടെ കാണും എന്ന തോന്നല്‍ നേര്‍ത്ത് ഇല്ലാതായിരുന്നു. എന്നാല്‍ അവന്‍ അവിടെ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. പന്ത്രണ്ട് രൂപങ്ങള്‍ അവന്‍ ഉണ്ടാക്കിയിരിക്കുന്നു..മരത്തട്ടിലെ പൊടിയെല്ലാം തുടച്ച് അവന്‍ അവയെ
വൃത്തിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
“സര്‍, ഇന്നെനിക്ക് സ്ഥിരം തരുന്ന പത്ത് രൂപങ്ങള്‍ക്ക് പകരം രണ്ടെണ്ണം അധികം കിട്ടി. അതില്‍ ഒന്ന് നിങ്ങള്‍ക്ക് വെറുതെ തരാം. അതിന് സര്‍ വിലയൊന്നും തരരുത്.” അമ്പത് രൂപ മടക്കി തന്നു കൊണ്ട് അവന്‍ പറഞ്ഞു. ഞാന്‍ സമ്മതിക്കുകയും ചെയ്തു. അവര്‍ തരുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസ് വടികളില്‍ അവന്‍ രൂപങ്ങള്‍ തീര്‍ക്കുന്നതെങ്ങനെ എന്ന് അടുത്ത തവണ പറയാം എന്ന് എനിക്ക് വാക്ക് തന്നു. തിരിഞ്ഞ് നടക്കും മുന്‍പേ അവന്റെ സഹോദരിയുടെ അസുഖത്തെ പറ്റി ഞാന്‍ ചോദിച്ചു.

“അവള്‍ക്ക് പെട്ടെന്ന് സുഖപ്പെട്ടു.ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. അമ്മ എപ്പോളും പറയാറുണ്ട്... അവള്‍ ഭാഗ്യമുള്ളവളാണെന്ന്. ആറ് വിരലുകളുള്ളവര്‍ ഭാഗ്യമുള്ളവരത്രേ. ഇവള്‍ക്കാണെങ്കില്‍ രണ്ടു കൈകളിലും ഉണ്ട് ആറ് വിരലുകള്‍.. അവളെ തീയേറ്ററില്‍ നിന്ന് പുറത്തെത്തിക്കും മുന്‍പേ ഇതു വിറ്റ് തീര്‍ത്ത് എനിക്ക് അവിടെ എത്തണം.” അവന്‍ വെറുതെ തന്ന ശില്‍പ്പത്തിന് പുറമെ ഒരെണ്ണം കൂടെ വാങ്ങി അതിന്റെ വിലയും കൊടുത്തു ഞാന്‍ അവനോട് യാത്ര പറഞ്ഞു പിരിഞ്ഞു. അവന്റെ സന്തോഷത്തില്‍ എനിക്കും ഒരു സുഖം തോന്നി.

നാളുകള്‍ക്ക് മുന്‍പെ വാങ്ങിയ പത്ത് ശില്‍പ്പങ്ങള്‍ക്കൊപ്പം ഞാന്‍ ഇന്നത്തെ രണ്ടെണ്ണം കൂടെ ചേര്‍ത്ത് വച്ചു..മൊത്തം പന്ത്രണ്ടെണ്ണം..പെട്ടെന്ന് മനസ്സില്‍ പന്ത്രണ്ട് വിരലുകളുള്ള അവന്റെ കുഞ്ഞുസഹോദരിയെ ഓര്‍മ്മ വന്നു. അലമാരയില്‍ ഇരിക്കുന്ന ശില്പങ്ങള്‍ പന്ത്രണ്ട് വിരലുകളായതായും അവ ചലിക്കുന്നതായും എനിക്ക് തോന്നി.. അസ്വസ്ഥമായ മനസ്സോടെ പുറത്തിറങ്ങി പാര്‍ക്കിലേക്ക് നടന്ന ഞാന്‍ ഒരു ചെറിയ ഇടവഴിയില്‍ ഒരു പന്ത്രണ്ടുകാരിയുടെ ശരീരത്തിനടുത്ത് വിലപിക്കുന്ന ഒരു സ്ത്രീയെ കണ്ടു. തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്റെ അടുത്തെക്ക് ഓടി വന്ന ആ ഇരുപതുകാരന്‍ ബാക്കിയുള്ള പത്ത്...അല്ല...ഇരുപത് ശില്പങ്ങള്‍ എനിക്ക് നീട്ടി...
“സര്‍ ഇവ കൊണ്ട് ചതുരംഗം വക്കണം..സാറിന്റെ സ്വീകരണമുറിയില്‍...”
ബാക്കി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല...അവന്റെ നീട്ടിയ കൈകള്‍ കണ്ട് ഞാന്‍ ഞെട്ടി..അവന്റെ നീട്ടിയ കൈകളില്‍ വിരലുകള്‍ ഇല്ലായിരുന്നു. അവ ആനയും, തേരും കുതിരയും, കാലാളും, രാജ്ഞിയും രാജാവുമൊക്കെയായി എന്റെ സ്വീകരണമുറിയിലേക്ക്...