Tuesday 8 May 2007

യാജ്ഞവല്‍ക്യന്റെ ഛര്‍ദ്ദില്‍

കേരളത്തിലൂടെ ഒരു ട്രെയിന്‍ യാത്ര ചെയ്യുന്നത് വളരെ നാളുകള്‍ക്ക് ശേഷമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്ക് ഒരു യാത്ര. എത്ര നാളുകള്‍ക്ക് ശേഷമാണീ യാത്ര..സെപ്തംബര്‍ 11,2001 നു ശേഷം ആദ്യത്തെ എന്നാകും എന്റെ സുഹ്രൃത്തിനോടു ചോദിച്ചാല്‍ പറയുക.ക്ലിന്റണ്‍ പ്രസിഡന്റാകുന്നതിന് മുന്‍പെ, മോണിക്ക കേസ് പുറത്തായതിന് ശേഷം, ഡയാന കൊല്ലപ്പെട്ടതിന് മുന്‍പേ എന്നിങ്ങനെയാണ് അവന്‍ എപ്പോളും ഒരു സംഭവം നടന്ന സമയത്തിന് വിശേഷണം കൊടുക്കുക. ആദ്യമൊക്കെ എനിക്ക് ദേഷ്യം വരുമായിരുന്നു. പിന്നെ അതിലും ചില സത്യങ്ങളുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു കാലഘട്ടത്തിലെ ഓര്‍മിക്കപ്പെടുന്ന സംഭവങ്ങളെ അടിസ്ഥാ‍നമാക്കി വേണം അപ്രധാ‍ന സംഭവങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടത്. അവന്റെ മാതൃക പിന്തുടര്‍ന്ന് കൊണ്ട് ഞാന്‍ എന്റെ കോഴിക്കോട് ജീവിതവും തുടര്‍ന്നുള്ള കാലഘട്ടവും ഇന്ത്യ WTO അംഗം ആകുന്നതിനു മുന്‍പും പിന്‍പും എന്ന് പറയാറുണ്ടായിരുന്നു. എന്തായാലും ഈ യാത്രയും അങ്ങനെ എതോ ഒന്നില്‍ പെടുത്താവുന്ന ഒന്ന്..WTO ക്ക് ശേഷം, അല്ലെങ്കില്‍ സെപ്തംബര്‍ 11,2001 നു ശേഷം. എന്റെ തിരുവനന്തപുരം യാത്രക്ക് കാലഗണനാക്രമത്തില്‍ കൊടുക്കേണ്ട സ്ഥാനം യാത്രയില്‍ രസകരമായ ചില ചിന്തകള്‍ക്ക് വഴി തെളിക്കും എന്നോര്‍ത്ത് ഞാന്‍ വേണാട് എക്സ്പ്രസ്സിന്റെ വരവും കാത്ത് സിമന്റ് ബെഞ്ചില്‍ ഇരുന്നു.

പതിവുപോലെ ട്രെയിന്‍ 30 മിനുട്ട് വൈകിയാണ് എത്തിയത്. എന്റെ നേരെ മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റില്‍ തന്നെ ഞാ‍ന്‍ കയറി.കുറച്ച് തിരക്കുണ്ടായിരുന്നു. സത്യത്തില്‍ തീവണ്ടി യാത്രകളിലെ തിരക്ക് എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇത്രയധികം ആളുകളെ കാണാനും അവരുടെ വിചാരവികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും ഇതിലും നല്ല ഒരു അവസരം വേറെ കിട്ടില്ല. കണ്ണ് കാണാത്തവര്‍, കാലില്ലാത്തവര്‍, പുസ്തകങ്ങളും സി.ഡി. കളും വില്‍ക്കുന്നവര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍ ഇങ്ങനെ നമ്മുടെ സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണ് തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍. യാത്രയില്‍ ഒരു കൂട്ടത്തെ തിരിച്ചറിയുക എളുപ്പമാ‍ണ്. അവരുടെ മുഖത്തെ ക്ഷീണത്തിന്റെ അളവ് ഒരേ പോലെ ആയിരിക്കും... അവരെ എകോപിപ്പിച്ചു നിര്‍ത്തുന്ന ഒരു നേതാവ് അവര്‍ക്കുണ്ടാകും. അയാളുടെ ഊര്‍ജ്ജമായിരിക്കും മറ്റുള്ളവരെ മുന്നോട്ട് നയിക്കുന്നത്. എന്റെ അടുത്ത് നിന്നിരുന്ന യുവാവും അങ്ങനെയുള്ള എതോ ഒരു സംഘത്തലവനാണെന്ന് എനിക്ക് തോന്നി. അയാളുടെ സംസാരം കാതോര്‍ത്ത് അയാളുടെ കൂട്ടക്കാരെന്ന് തോന്നിക്കുന്ന കുറെ പേര്‍. എല്ലാവര്‍ക്കും എകദേശം ഒരേ പ്രായമാണെങ്കിലും ഇയാളുടെ മുഖത്തുള്ള ഉണര്‍വ് മറ്റാര്‍ക്കും ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. എല്ലാ മുഖങ്ങളിലും പൊതുവായുള്ള വികാരം ഉല്‍ക്കണ്ട ആയിരുന്നു. “ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്താനി” എന്ന് പാടിക്കൊണ്ടുവന്ന ഒരു കുട്ടി ശ്രദ്ധ കുറച്ചു നേരം ആ കൂട്ടത്തില്‍ നിന്ന് പറിച്ച് നടാന്‍ കാരണമായി. അവന്റെ പാട്ടിന്റെ ശബ്ദം അകന്ന് പോയപ്പോളാണ് ഞാന്‍ വീണ്ടും ഇവരുടെ സംഭാഷണം കേട്ടത്.

“...നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ അറിയുന്നില്ല...അല്ലെങ്കില്‍ അധികാര കേന്ദ്രങ്ങളോടുള്ള അന്ധമായ വിധേയത്വം. ഒന്നിനെയും ചോദ്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറല്ല.ഈ അവസ്ഥ മാറണം...” അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. വീണ്ടും ശ്രദ്ധിക്കാനുള്ള ശ്രമങ്ങലെല്ലാം കാറ്റിന്റെ ശബ്ദം അല്ലെങ്കില്‍ തീവണ്ടിയുടെ ശബ്ദം , ഇതില്‍ എതെങ്കിലും ഒന്ന് നിരന്തരമായി പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ മാത്രം ഇവിടെ എന്തുണ്ടായി എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. ഈയിടെയായി മാധ്യമങ്ങളില്‍ കാണുന്ന പ്രധാനവാ‍ര്‍ത്തകള്‍ക്കപ്പുറമുള്ള എന്തോ ഒരു പ്രശ്നം ഇവരെ അലട്ടുന്നു എന്നു മാത്രമേ എനിക്ക് മനസ്സിലായുള്ളു. ഇവരുടെ സംഭാഷണം ഇഷ്ടപ്പെടാഞ്ഞിട്ടാണെന്ന് തോന്നുന്നു അടുത്തു നിന്നിരുന്ന യുവാവ് മൊബൈല്‍ ഫോണില്‍ നിന്നും പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

അടുത്ത സ്റ്റേഷനില്‍ കുറച്ചുപേര്‍ ഇറങ്ങി.കിട്ടിയ സീറ്റില്‍ ഞാന്‍ ഇരിപ്പ് പിടിച്ചു. വായിക്കാന്‍ വാങ്ങിയ മാഗസിനില്‍ "youth for equality" നിറഞ്ഞ് നില്‍ക്കുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്ന് വിളിക്കണൊ എന്ന എനിക്കിപ്പോളും സംശയമാണ്. എന്റെ ചരിത്രത്തെ കുറിച്ചുള്ള വിലയിരുത്തലുകളെ വലിയ വിശ്വാസം ഇല്ലാത്തതുകൊണ്ട് മാ‍ഗസിനിലെ ചരിത്രകാരനോട് എനിക്ക് യോജിക്കാനും വിയോജിക്കാനും കഴിഞ്ഞില്ല. എന്തായാലും ഭഗത് സിംഹും സമത്വത്തിന് വേണ്ടി പൊരുതൂന്ന യുവത്വവും ഒരുപോലെ ആണെന്ന വിലയിരുത്തല്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ വായന ഉപേക്ഷിച്ചു എന്റെ സഹയാത്രികരെ ശ്രദ്ധിക്കാന്‍ തുടങ്ങി. അധികാരകേന്ദ്രങ്ങളെ കുറിച്ചു സംസാരിച്ചിരുന്ന യുവാവ് ഇപ്പോള്‍ എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്. മാഗസിനില്‍ ഉള്ള എന്റെ അതൃപ്തി മനസ്സിലാക്കിയിട്ടെന്ന വണ്ണം അയാള്‍ എന്നെ നോക്കി ചിരിച്ചു. അപ്പോളെക്കൂം അയാളുടെ കൂട്ടരീല്‍ പലരും ഉറക്കം പിടിച്ചിരുന്നു. ഒരു സംഭാഷണം തരപ്പെടുത്താനുള്ള അവസരം അയാളുടെ ചിരി ഒരുക്കിത്തന്നു.
പോകുന്നത് തിരുവനന്തപുരത്തേക്കാണെന്നും അവര്‍ ഒരു 75-ഓളം പേര്‍ അതേ വണ്ടിയില്‍ തന്നെ ഉണ്ടെന്നും അയാള്‍ എന്നോട് പറഞ്ഞു.

“അവിടെ എന്താണ്, വല്ല സമ്മേളനവും ഉണ്ടോ”

“ഇല്ല സര്‍. അവിടെ നിന്ന് ഞങ്ങള്‍ക്ക് പുതിയ കൃഷിയുടുപ്പുകള്‍ വാങ്ങണം.”

എനിക്ക് അയാള്‍ പറഞ്ഞത് മനസ്സിലായില്ല. ഇങ്ങനെ ഒരുതരം ഉടുപ്പുകളെ പറ്റി ഞാന്‍ കേട്ടിട്ടില്ലായിരുന്നു.

“സര്‍... വളരെ രസകരമാണ് ഈ ഉടുപ്പുകള്‍ലുടെ കഥ. 1995-ല്‍ നമ്മുടെ സര്‍ക്കാരാണ് ഈ വിദേശനിര്‍മ്മിത ഉടുപ്പുകള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. കൃത്യമായി പറഞ്ഞാല്‍ എന്റെ അച്ഛനും അമ്മക്കും നല്‍കിയത്. ഐക്യരാഷ്ട്ര സംഘടനയുടെ ദരിദ്രരാജ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതി.”

എന്റെ കോഴിക്കോട് ജീവിതം തുടങ്ങിയത് ആ വര്‍ഷമാണെന്നും ഇന്ത്യ WTO അംഗമായത് ആ വര്‍ഷമാണെന്നും ആവശ്യമില്ലെങ്കില്‍ കൂടെ ഞാന്‍ ഓര്‍ത്തു. യുവാവ് തുടര്‍ന്നു.

“എന്റെ ഗ്രാമം അതിനായി തിരഞ്ഞെടുക്കപ്പെട്ട ഒന്നായിരുന്നു. നീല നിറത്തില്‍ മഴക്കോട്ടുപോലെയുള്ള കുപ്പ്പായങ്ങള്‍. അവ ധരിച്ച് വേണം വയലില്‍ പണിയെടുക്കേണ്ടത്. ആദ്യം ഈ കുപ്പായം വേണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. പിന്നെ സാധാരണവസ്ത്രങ്ങള്‍ക്ക് വില കൂടുതലായതു കൊണ്ടും ഇത് സൌജന്യമായത് കൊണ്ടും അച്ഛനും അമ്മയും ഇതിനായി ചേര്‍ന്നു. കൂട്ടത്തില്‍ ചെറിയ കുപ്പായങ്ങളും കൊടുത്തിരുന്നു. അവര്‍ തന്ന ഒരു കുപ്പായവും അന്ന് എനിക്ക് പാകമായില്ല. കുപ്പായം കിട്ടാതിരുന്നത്കൊണ്ട് മാത്രം ഞാന്‍ സ്കൂളില് പോകുമായിരുന്നു.”

“കുപ്പായമുള്ളവര്‍ കൃഷിപ്പണി ചെയ്യണം എന്നായിരുന്നോ നിയമം”

“അങ്ങനെയല്ല. കുപ്പായം വളരെ വിലപിടിച്ച ഒന്നാണ്. അതിന്റെ വില മാസം തവണകളായി അടക്കുവാന്‍ ആര്‍ക്കും കഴിവില്ലാത്തതുകൊണ്ട് അതു നിര്‍മിച്ച കമ്പനി ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഡിപ്പോ തുറന്നിരുന്നു. കുപ്പായത്തിലെ സ്വെറ്റ് പോക്കറ്റുകളില്‍ നിന്ന് അവര്‍ വിയര്‍പ്പ് ശേഖരിക്കും.പിന്നെ അതു ക്ലീന്‍ ചെയ്ത് തിരികെ കൊടുക്കും. വിയര്‍പ്പിന്റെ അളവ് അനുസരിച്ച് ഒരു നിശ്ചിതസംഖ്യ കുപ്പായത്തിന്റെ വിലയായി കമ്പനിക്ക് പോകും. എന്റെ രണ്ട് അനിയന്മാര്‍ക്ക് മാത്രമേ കുപ്പായം പാകമായുള്ളൂ. അവരുടെ വിയര്‍പ്പ് ഒന്നിനുമാകാത്തതുകൊണ്ട് അച്ഛനും അമ്മക്കും കൂടുതല്‍ വിയര്‍ക്കെണ്ടി വന്നിരുന്നു.പിന്നീടവര്‍ എല്ലായ്പ്പോളും ഇതുതന്നെ ധരിക്കാന്‍ തുടങ്ങി.ഉണ്ടായിരുന്ന മറ്റ് വസ്ത്രങ്ങള്‍ കീറിയതാണ് കാരണം. മാസങ്ങള്‍ക്ക് ശേഷം കമ്പനി വിയര്‍പ്പിന്റെ വില പുതുക്കി നിശ്ചയിച്ചു. അതോടെ നാലുപേരുടെ വിയര്‍പ്പ് തികയാതായി. എന്നിട്ടും കമ്പനിയുടെ പറ്റുപുസ്തകത്തിലെ കണക്ക് തീര്‍ക്കാനായി അവര്‍ പാടത്ത് പൊയ്ക്കൊണ്ടിരുന്നു. ”

ലാഘവത്തോടെ അയാള്‍ പറഞ്ഞ് തീര്‍ത്തെങ്കിലും എന്റെ ഞെട്ടല്‍ മാറിയില്ല. എന്റെ മുഖഭാവം കണ്ടിട്ടാവണം അയാള്‍ പറഞ്ഞു.

“ഇതുവരെ ഈ കഥ എന്തുകൊകൊണ്ടുകേട്ടില്ല എന്നാകും സര്‍ ആലോചിക്കുന്നത്. ഞങ്ങള്‍ക്ക് വാര്‍ത്തകളില്‍ സ്ഥാനം നഷ്ടപ്പെട്ടിട്ട് എത്രയോ നാളുകളായി. ചിലപ്പോള്‍തോന്നും അന്ന് കുപ്പായം പാകമാ‍യിരുന്നെങ്കില്‍ എന്ന്. ഞാന്‍ വെറുതെ അക്ഷരാഭ്യാസം നേടി. ഇപ്പോ ഇതെല്ലാം വായിക്കാന്‍ പറ്റും, അറിയാന്‍ പറ്റും. ഒരുപക്ഷേ ഞാന്‍ കൂടെ വിയര്‍ത്തിരുന്നെങ്കില്‍ കമ്പനിയുടെ കടം വേഗം വീട്ടാമായിരുന്നു. ”

“ആരെങ്കിലും കടം വീട്ടിയിരുന്നോ”

“ആ ചോദ്യം പ്രസക്തമാണ് സര്‍. ആരും തന്നെ കടം വീട്ടിയിരുന്നില്ല. മാത്രമല്ല അന്നുമുതല്‍ കുപ്പായം ധരിച്ചിരുന്ന എന്റെ സഹോദരങ്ങളും മാതാപിതാക്കളും ഇപ്പോള്‍ തീരെ വിയര്‍ക്കാതായി. വിയര്‍പ്പ് വീഴാത്ത കൃഷിയിടങ്ങളില്‍ വിളവും ഇല്ലാതായി. വിയര്‍പ്പില്ലാത്ത കുപ്പായങ്ങളില്‍ നിന്ന് കമ്പനിക്ക് തിരിച്ചടക്കാനുള്ള പണം ലഭിക്കാതായി. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോളാണ് ‘95ല്‍ കുപ്പായം ലഭിക്കാത്തവരെ തേടി ഈ അവസരം വന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ ആകെ 75 പേര്‍.”

സര്‍ എന്ന വിളി ഒരു അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും അതിനേക്കാള്‍ എന്നെ അലട്ടിയത് ഈ സംഭവങ്ങള്‍ ഞാന്‍ എന്തുകൊണ്ട് ഒരിക്കലും കേട്ടില്ല എന്ന ചോദ്യമാ‍ണ്. അയാള്‍ പറഞ്ഞത് ശരിയാണ്. പത്രങ്ങളുടെ മുന്‍പേജുകളും വാര്‍ത്താചാനലുകളിലെ ഫ്ലാഷ് ന്യൂസും മറ്റേതൊ ലോകത്തേക്കുള്ള ചൂണ്ടുപലകയാണ്. എനിക്ക് ചുറ്റും ഞാന്‍ കാണാത്ത ഈ ലോകത്ത് ഒരുപാടുപേരുണ്ട്. ഒരുപക്ഷേ ഞാന്‍ കാണുന്നതിലും കൂടുതല്‍.

“നാളെ ഞങ്ങള്‍ക്ക് പുതിയ കുപ്പായം കിട്ടും. ഞങ്ങളുടെ ഗ്രാമത്തില്‍ ചിലകുടുംബങ്ങളില്‍ ഇനി ആരും ശേഷിക്കുന്നില്ല. അവര്‍ക്ക് വേണ്ടി, അവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഞങ്ങള്‍ നാളെ ശ്രമിക്കുന്നുണ്ട്. ഇല്ലെങ്കില്‍ ഞങ്ങളുടെ വിയര്‍പ്പിന്റെ ഒരു പങ്ക് അവര്‍ക്കും കൊടുക്കും. വേറെ വഴിയില്ല.”

“അങ്ങനെ കൊടുക്കാന്‍ എല്ലാവരും തയ്യാറാകുമോ”

ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു. “ഉള്ളവന്‍ ഇല്ലാത്തവന് കൊടൂത്താല്‍ സോഷ്യലിസ്റ്റ് ആകുമൊ എന്ന ഭയം ഞങ്ങള്‍ക്ക് ഇതുവരെ ഇല്ല സര്‍. എല്ലാരും സമ്മതിക്കും.”

അച്ഛനും അമ്മയും ഇപ്പോള്‍ എങ്ങനെ എന്ന ചോദ്യം യുവാവിനെ ചെറുതായി തളര്‍ത്തിയ പോലെ തോന്നി.അവരുടെ അസുഖം വിയര്‍പ്പ് വരാ‍ത്തതാണ്. ഈ കുപ്പായം കൊണ്ടാണോ അങ്ങനെ സംഭവിച്ചത് എന്ന് അയാള്‍ ഭയക്കുന്നു. എങ്കിലും അയാള്‍ സ്വയം അത് അണിയാന്‍ തീരുമാനിച്ചത് നിവൃത്തികേടുകൊണ്ടാണ്.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാളും വിയര്‍ക്കാതാകും. പിന്നീട് അത് മരണത്തില്‍ അവസാനിക്കുമെന്നും അയാള്‍ പറഞ്ഞു.

“ഭയം തോന്നാറില്ലേ”

“ഇല്ല സര്‍. ബാക്കിയുള്ള ഈ 75 പേര്‍ അവിവാഹിതരാണ്. ഞങ്ങളുടെ വംശാവലി ഞങ്ങളോടെ അവസാനിക്കുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ നീളം കുറഞ്ഞ കാലുമായി ജനിച്ച കുഞ്ഞുങ്ങളെ പോലെയാണ്. വളരൂമ്പോള്‍ രണ്ടുകാലും ഒരുപോലെ ആകും എന്ന് കരുതി ഇരിക്കും. രണ്ടു കാലും വളരുമെന്നും ഒരിക്കലും നീളവ്യത്യാസം പരിഹരിക്കപ്പെടില്ലെന്നും അറിയാന്‍ വര്‍ഷങ്ങള്‍ എടുക്കും...”

“ഒരു വിഷമം തോന്നറുള്ളത് എന്റെ വിദ്യാഭ്യാസം ഓര്‍ത്തിട്ടാ‍ണ്. അതിന്റെ കുറിച്ചും മന്ത്രിക്ക് എഴുതിയിരുന്നു. പുതിയ പദ്ധതിയില്‍ അതിനും വഴി ഉണ്ടെന്ന് അയാള്‍ വാക്ക് തന്നിട്ടുണ്ട്. ”

യാത്രക്കൊടുവില്‍ അയാളുടെ പേരെന്തെന്ന് ഞാന്‍ ചോദിച്ചു.
“യാജ്ഞവല്‍ക്യന്‍”

തെല്ലൊരു ഞെട്ടലോടെയാണ് ഞാന്‍ ആ പേര് കേട്ടത്.തുടര്‍ന്ന് എന്തെങ്കിലും ചോദിക്കും മുന്‍പെ അയാള്‍ കണ്ണടച്ച് ഉറങ്ങാന്‍ തുടങ്ങിയിരുന്നു.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങി സുഹൃത്തിന്റെ വീട്ടിലെക്ക് നടക്കുമ്പോള്‍ യാജ്ഞവല്‍ക്യന്റെ ആവശ്യങ്ങള്‍ നിറവേറണേ എന്നും ആ‍ കുപ്പായം ആ ഗ്രാ‍മത്തിന്റെ ജീവന്‍ എടുക്കല്ലേ എന്നും ഞാ‍ന്‍ ആഗ്രഹിച്ചു.ആ കുപ്പായത്തിന്റെ അപകടങ്ങള്‍ അറിയാവുന്ന അയാള്‍ ആ ഗ്രാമത്തെ രക്ഷിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. പിറ്റേന്ന് വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തും വരെ ആ ആഗ്രഹങ്ങളും വിശ്വാസങ്ങളും ഞാന്‍ സൂക്ഷിച്ച് വച്ചു. ന്നീലക്കുപ്പായാങ്ങളും തൂ‍ക്കി നടന്ന് വരുന്ന അവരെ ഞാന്‍പെട്ടെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ അതില്‍ യാജ്ഞവല്‍ക്യന്‍ മാത്രം ഉണ്ടായിരുന്നില്ല. അയാളെ പറ്റി തിരക്കിയപ്പോള്‍ അയാളെ കാണാ‍ത്തത് കൊണ്ട് അവര്‍ മടങ്ങി എന്ന് പറഞ്ഞു. എന്നാല്‍ യാജ്ഞവല്‍ക്യന്റെ ആവശ്യങ്ങളൊക്കെ നടന്നു എന്ന് കൂട്ടത്തിലൊരാ‍ള്‍ പറഞ്ഞു.

അതെങ്ങനെ എന്റെ ചോദ്യത്തിന് മറുപടിയായി ഒരു കവര്‍ ഉയര്‍ത്തി കാണിച്ചു അതിലൊരാള്‍. “ഞങ്ങളുടെയും മക്കളുടെയും വിദ്യാഭ്യാസത്തിനാണ്.” നീങ്ങിക്കൊണ്ടിരിക്കുന്ന വ്ണ്ടിയിലേക്ക് സൂക്ഷിച്ച് നോക്കി ഞാന്‍ ആ കവറില്‍ എഴുതിയത് വായിച്ചു. “യാ‍ജ്ഞവല്‍ക്യന്റെ ഛര്‍ദ്ദില്‍”... അത് കഴിച്ച് വിദ്യ നേടാന്‍ അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകണ്ടെ... ഭോഗിക്കാനുള്ള വിയര്‍പ്പില്ലാതെ അവര്‍ക്കെവിടുന്ന് കുഞ്ഞുങ്ങള്‍... ഇതെല്ലാം അവരോട് പറയാന്‍ എനിക്ക് ഭാഷ വശമില്ല എന്ന് അപ്പോഴാണ് ഞാ‍ന്‍ തിരിച്ചറിഞ്ഞത്.

19 comments:

കെ.പി said...

യാജ്ഞവല്‍ക്യന്റെ ഛര്‍ദ്ദില്‍..പുതിയ പോസ്റ്റ്.

വല്യമ്മായി said...

നല്ല ഭാഷയും അവതരണവും.കഥ അവസാനം അത്ര ക്ലിയര്‍ ആയില്ല.

ഗുപ്തന്‍ said...

പ്രിയ കെ.പി.

കഥയെയും കഥപാത്രത്തെയും ചരിത്രത്തിലേക്ക് ബന്ധിപ്പിക്കാനുള്ള ദുര്‍ബലമായൊരു ശ്രമം റ്റി.വി. ചന്ദ്രന്റെ ഡാനിയില്‍ കണ്ട ഓര്‍മ്മയുടെ മനം പുരട്ടലോടെയാണ് വായനതുടങ്ങിയത്. അസ്ഥാനത്തായിരുന്നു ആ മുന്‍‌വിധി എന്ന് അധികം കഴിയുന്നതിനുമുന്നേ മനസ്സിലായി.

ബഹുരാഷ്ടസംവിധാനങ്ങളുടെ മേല്‍ക്കയ്യില്‍ എന്റെ രാ‍ജത്തിന്റെയും ഗ്രാമത്തിന്റെയും അതിരുകള്‍ ഇല്ലാതാകുന്നത്... എന്റെ വിശപ്പിന്റെയും രതിയുടെയും സ്വകാര്യത നഷ്ടമാകുന്നത് എന്റെ അധ്വാനം അന്താരാഷ്ടമേലാളന്റെ മേശയിലെ അക്കങ്ങളായി പരകായപ്രവേശനം ചെയ്യുന്നത് വിഹ്വലതയോടെ വായിച്ചെടുത്തു...

നീലയുടുപ്പിട്ട അടിമകളുടെ നിരയില്‍ നിസ്സഹായനായി നിങ്ങളുടെ വാക്കുകളുടെ വെളിച്ചത്തിനപ്പുറത്തേക്ക് നടക്കുകയല്ലേ ഞാനും...

കുട്ടന്‍സ്‌ | S.i.j.i.t.h said...

വിയര്‍പ്പിന്റെ ഉടുപ്പുകളും,WTA കരാറുകളും..എല്ലാം ആശങ്കപ്പെടുത്തുന്നു..നല്ല ശൈലി..

രാജ് said...

ഞാന്‍ പൊതുവെ അസന്മാര്‍ഗികവാദിയായതു കൊണ്ടോ എന്തോ, ക്ലിന്റണ്‍ അകത്തായതിനു ശേഷം, മോണിക്ക പുറത്തായതിനു ശേഷം എന്നെല്ലാം മാറ്റി വായിച്ചതുകൊണ്ടു ആദ്യ ഭാഗം രസിച്ചു, തുടര്‍ന്നു നല്ല സ്റ്റൈലന്‍ ബോറടി. നല്ലൊരു ആശയമായിരുന്നു, അധികമൊന്നും സം‌വേദിക്കാതെ അത് കടന്നു പോകുന്നു. ബൊമ്മനഹള്ളിയിലെ എരുമകള്‍ വരട്ടെ, അവ ഇതിലും നന്നായി സംസാരിക്കും.

Ziya said...

കൊള്ളാം :)
(ഒന്നും മനസ്സിലായില്ല)

Dinkan-ഡിങ്കന്‍ said...

യാജ്ഞവല്‍ക്യനോട് വയറിനു പിടിക്കാത്തതൊന്നും കഴിക്കരുതെന്ന് പറയണം, പിന്നെ വാള് വരണ വരെ കുടിക്കാനും പാടില്ല. അപ്പോള്‍ ഛര്‍ദ്ദിക്കില്ലല്ലോ?

കെ.പി said...

വല്യമ്മായി ... നന്ദി.

മനു ... ശ്രമിച്ചതാണ് എഴുതാന്‍.വാക്കുകള്‍ക്ക് നന്ദി.

കുട്ടന്‍സ് ..വളരെ നന്ദി.

പെരിങ്ങോടന്‍ ... താങ്കളുടെ സമയം വിലപ്പെട്ടതാണ്.നശിപ്പിച്ചതിന് മാപ്പ്.ബോറടിപ്പിച്ചതിന് അതിലേറെ ക്ഷമ ചോദിക്കുന്നു,പിന്നെ നല്ലൊരു ആശയത്തിന്റെ ഖബറടക്കിയതിനും :). ഇനി ഞാന്‍ മാറി നില്‍ക്കാം.. ബൊമ്മനഹള്ളിയിലെ എരുമകള്‍ എഴുതട്ടെ.(ചിലപ്പോള്‍ ഞാന്‍ എഴുതും ട്ടോ..വായിച്ച് ബോറടിച്ചാല്‍ പറയണം.)

സിയ ... നിങ്ങളോടും :)

__faisal__ said...

കെ പി, കഥ ഇഷ്ടമായി....

യാജ്ഞവല്‍ക്യന്‍ തപസ്സിരിക്കുകയാണെന്നും പുതിയ അറിവുകളുമായി ഒരിക്കല്‍ തിരികെ വരുമെന്നും ആശിക്കട്ടെ.

മനു,

നിസ്സഹായരായ അടിമകളും നിസ്സഹായത അഭിനയിക്കുന്ന അടിമകളും ഇല്ലേ? ഞാനൊക്കെ രണ്ടാമത്തെ കൂട്ടത്തിലാണെന്നു തോന്നുന്നു - ഞാന്‍ ഒറ്റയ്ക്കല്ല താനും.

വിഷ്ണു പ്രസാദ് said...

ബൌദ്ധികമായി ഉയര്‍ന്ന നിലവാരം ആവശ്യപ്പെടുന്ന ഒരു പോസ്റ്റ്.എനിക്ക് നിലവാരം കുറവായതിനാല്‍ ഇനിയും 2,3 തവണ വായിക്കേണ്ടി വന്നേക്കും.എങ്കിലും ഇതൊരു വ്യാജരചനയല്ലെന്ന് വിശ്വസിക്കുന്നു(ചുമ്മാ).പലരും പറഞ്ഞതു പോലെ റീഡബിലിറ്റി കുറവുതന്നെ.എന്നാലും റീഡബിലിറ്റിയും
നല്ല എഴുത്തും തമ്മില്‍ ബന്ധമൊന്നുമില്ല.

ഗുപ്തന്‍ said...

വിഷ്ണുപ്രസാദ് മാഷേ താങ്കളെ ഞാന്‍ എങ്ങനെയോ ഇവിടെ പ്രതീക്ഷിച്ചൂ..ഒരുപക്ഷെ ഇന്നലെ വായിച്ച കവിതയുടെ തുടര്‍ച്ചയായി ഈ രചന തോന്നിയതുകൊണ്ടാവണം.

കെ പിയുടെ മുന്‍ രചനകളിലും മനഃപൂര്‍വ്വമോ അല്ലാതെയൊ കഥക്കും ഉപന്യാസത്തിനുമിടയില്‍ രചന വഴുതിപ്പോകുന്ന ഒരു അവസ്ഥയുണ്ടെന്ന് തോന്നാം. ധ്വനിപരമായ ജീവനില്ലാതെ വാക്യങ്ങള്‍ നിയതമായ അര്‍ത്ഥങ്ങളില്‍ മരിക്കുന്നതുപോലെ. ബര്‍മ്മബസാര്‍ വായിച്ചപ്പോള്‍ അത് ബോധപൂര്‍വ്വമായ ഒരു സമീപനമായിതോന്നി- കഥക്ക് തിരഞ്ഞെടുക്കുന്ന വിഷയത്തിനുതകുന്ന ഒരു സമീപനം. അതുകൊണ്ട് എന്തോ ഈ പ്രശ്നം എന്റെ വായനയെ ബാധിച്ചില്ല എന്നതാണ് സത്യം.

വായനാസുഖത്തിനപ്പുറം -- എന്നല്ല എന്റെ വായനയെയും വായനക്കപ്പുറത്തെ വിശ്രമത്തെയും വേദനിപ്പിക്കുന്ന കാഴ്ച്ചകള്‍ ഉണ്ടീ രചനകളില്‍. ഞാന്‍ അവ ഇഷ്ടപ്പെടുന്നു.

വിഷ്ണു പ്രസാദ് said...

മനൂ ഇയാളുടെ ഈ ബ്ലോഗിലെ മിക്ക പോസ്റ്റുകളും ഒന്നാന്തരം രചനകള്‍ തന്നെയാണ്.ഈ പോസ്റ്റിലുമുണ്ട്
എഴുതാന്‍ കഴിവുള്ള ഒരെഴുത്തുകാരന്റെ കൈത്തഴക്കം,ഭാഷ...
എഴുത്ത് ഇയാളെ സംബന്ധിച്ച് ധൈഷണികമായ ഒന്നാണ്.അതുകൊണ്ട് തന്നെ ഒറ്റനോട്ടത്തില്‍ വായിച്ച് എന്തെങ്കിലും പറഞ്ഞു പോവാനുള്ള വിവരം എനിക്കില്ല.വീണ്ടും വരാം..

രാജ് said...

കെ.പി എന്റെ സമയത്തിനു പ്രത്യേകിച്ചൊരു വിലയുമില്ല (പണിയിടങ്ങളില്‍ ഉണ്ടെന്ന് തോന്നുന്നു). കഥ പറച്ചിലിന്റെ അച്ചടക്കം ക്ലിന്റണിലും മോണിക്കയിലും ഡയാനയിലും തുടക്കത്തിലേ നഷ്ടപ്പെട്ടപ്പോള്‍ എനിക്കു മുഷിവു തോന്നിയതാണ്‌, മറ്റൊരു ആസ്വാദനത്തിനു എന്നെ പ്രേരിപ്പിച്ചതും അതു തന്നെയാകണം. കഥാകാരന്റെ രാഷ്ട്രീയവബോധത്തെ നിസാരവല്‍ക്കരിക്കുന്നില്ല, എങ്കിലും ഇക്കഥ ബര്‍മ്മാ ബസാറോ ബൊമ്മനഹള്ളിയിലെ എരുമകളോ പുലര്‍ത്തുന്ന സൃഷ്ടിപരമായ മികവ് പുലര്‍ത്തിയില്ലെന്ന് തോന്നിപ്പിച്ചിരുന്നു. സുഭാഷ് ചന്ദ്രന്‍ 'തല്പം' എന്ന കഥയില്‍ ഭാഷ നഷ്ടപ്പെടുന്നതിനെ വിഹ്വലതയോടെ, സൃഷ്ടിയുടെ പരിപൂര്‍ണ്ണ മികവോടെ എഴുതി മുഴുമിപ്പിക്കുന്നതു വായിച്ചതിന്റെ ഹാങ്ങോവറിലായിരുന്നു ഞാന്‍. ചിലപ്പോള്‍ അതുകൊണ്ടാവാം ആശയം സ്വാധീനിച്ചിട്ടും എഴുത്തെന്നെ സ്വാധീനിക്കാതിരുന്നതു്‌.

കെ.പി said...

ഡിങ്കന്‍ - പറഞ്ഞ് നോക്കാം. കക്ഷി കേള്‍ക്കുമോ ആവോ?

ഫൈസല്‍ - ഞാനുമുണ്ട് ആ രണ്ടാമത്തെ കൂട്ടത്തില്‍.

വിഷ്ണു മാഷേ, വായിച്ച് വിമര്‍ശനങ്ങള്‍ അറിയിക്കണം. റീഡബിലിറ്റിയിലെ കുറവ്... നോക്കട്ടെ എന്തു ചെയ്യാന്‍ കഴിയും എന്ന്..

മനു,
മനസ്സില്‍ തോന്നുന്നത് കൈവശമുള്ള ഭാഷ ഉപയോഗിച്ച് പറയുന്നു എന്നു മാത്രം.താങ്കള്‍ക്ക് റീഡബിലിറ്റി പ്രശ്നം ഉണ്ടായില്ലെന്നതില്‍ സന്തോഷം.

പെരിങ്ങോടന്‍,
ആശയം സംവേദിക്കാത്ത എഴുത്തിന് വായനക്കാരനോട് ക്ഷമ ചോദിക്കേണ്ടത് എഴുതിയ ആളിന്റെ കര്‍ത്തവ്യമാണെന്ന് ഞാന്‍ കരുതുന്നു.താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു നൂറ് ശതമാനവും, എഴുത്തില്‍ വല്ല്ലാത്ത ബോറടി എനിക്കും തോന്നി(പുനര്‍വായന നടത്തിയപ്പോള്‍). ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

On a Lighter Note:സുഭാഷ് ചന്ദ്രന്റെ രചനയുടെ തൊട്ടുപുറകെ ഇതൊക്കെ വായിക്കണോ? :). വേറെ എത്രയോ നല്ല ബൂലോകങ്ങള്‍ ഉണ്ട്? .

കെ.പി

Sushen :: സുഷേണന്‍ said...

എന്തു പറയണം എന്നെനിക്കറിയില്ല, കെ. പി. നന്നായിട്ടുണ്ട് എന്നു പറയാന്‍ എനിക്ക് അധികാരമുണ്ടോ എന്നറിയില്ല.

വീണ്ടും എഴുതുക. പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നു.

Anonymous said...

ഇരയുടെ വേദനകളും വ്യാകുലതകളും വരച്ചു കാട്ടുന്ന എഴുത്ത്. ആഗോളീകരണത്തിന്റെ കാലത്തു പ്രസക്തമായ ചോദ്യം: മണ്ണിനോടു മല്ലിടുന്നവന്റെ വിയര്‍പ്പിന്റെ അവകാശം ബഹുരാഷ്ട്ര കമ്പനികള്‍ക്കോ? അവരുടെ അളവൊത്തു തയ്പ്പിച്ച കുപ്പായങ്ങള്‍ ധരിച്ചും അവര്‍ പകരുന്ന അറിവു മാത്രം നേടിയും നമ്മള്‍ വിധേയത്വത്തിന്റെ, തമസ്കരണത്തിന്റെ, ഗഹ്വരങ്ങളിലേക്കു ഒതുക്കപ്പെടുന്നുവോ? അങ്ങനെ ആവാതിരിക്കട്ടെ. യാജ്ഞവല്‍ക്യന്മാര്‍ ഇനിയും പിറക്കട്ടെ. തിരിച്ചറിവുള്ളൊരു തലമുറ ഉയരട്ടെ, പറവകളായി അവന്റെ ചര്‍ദ്ദില്‍ കൊത്തിയെടുക്കാന്‍ വേണ്ടിയെങ്കിലും .

അടുത്ത പോസ്ടിനു വേണ്ടി കാത്തിരിക്കുന്നു.

സസ്നേഹം,
സഞ്ജീവ്

Anonymous said...

ഡേയ്, കൊള്ളാലോ വീഡിയോണ്‍!

ബാക്കി വായനക്കാരുടെ കട്ട കമ്മന്‍റ്റുകള്‍ വായിച്ചു ഞ്ഞാന്‍ ആകെ ഡെസ്പ് ആയി. എന്‍റെ മനസ്സില്‍ ആകെ വന്ന കമ്മന്‍റ്റ് ആണു മുകളില്‍ ഉള്ളത് :-)

കണ്ണന്‍

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

Mr. K# said...

നല്ല സന്ദേശം.