Sunday, 1 April 2007

പല്ലിയും ചിലന്തിയും

രാവിലെ ആയതു അറിഞ്ഞില്ല.വാച്ചും സൂര്യനും കള്ളം പറഞ്ഞു..കൂവാന്‍ കോഴികള്‍ ഇല്ലാത്തതുകൊണ്ട് പല്ലി ചിലക്കുന്നതു കേട്ടാണു ഉണര്‍ന്നത്.പല്ലിയെ ദേഷ്യത്തോടെ നോക്കി...ഇമ വെട്ടാതെ..അതോ ഇമ വെട്ടിയോ..അറിയില്ല.പല്ലിക്കു കണ്ണിമകള്‍ ഇല്ലെന്നു തോന്നുന്നു.എപ്പോളും തുറന്നു പിടിച്ചിരിക്കുന്ന ഉണ്ടക്കണ്ണുകള്‍..
"In my dreams...
......
I am gifted and write mighty epics.." *

ആ സ്വപ്നങ്ങളാണു നശിച്ചതു.നശിച്ച പല്ലി.ചിരിക്കുന്ന ഒരു മുഖം പോലുമില്ല ഇതിന്.എഴുതിയതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല..ആശയദാരിദ്ര്യം,വാക്കുകളുടെ കുറവ്..ഇതൊന്നുമല്ല...ഈ നശിച്ച പല്ലി.ആ നോട്ടത്തില്‍ നിന്നൊരു മോചനം വെണ്ടേ..വീട്ടുടമസ്ഥനു പരാതി കൊടുക്കാം,അല്ലെങ്കില്‍ ഭരണകൂടം ഇവറ്റകളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പദ്ധ്തി കൊന്ടുവരട്ടെ.സ്വപ്നങ്ങളിലെ എഴുത്തുകാരന്‍ പേന കൊണ്ടു താണ്ഡവം തുടങ്ങി..പടവാളിനെക്കാള്‍ ശക്തമായ തൂലിക..അതു ആയുധമാക്കി അനീതികള്‍ക്കെതിരെ യുദ്ധം ചെയ്ത പൂര്‍വികരെ ഓര്‍ത്തു..."I am gifted.."...തിരിഞ്ഞു നോക്കിയില്ല.വെള്ളക്കടലാസ്സില്‍ പരാതി നിറഞ്ഞു.പരാതി കവറിലാക്കി പല്ലിയെ നോക്കി.അതിന്റെ ഉണ്ടക്കണ്ണുകളില്‍ ഭയം.വെറുതെ അതിനെ നോക്കി പരിഹസിക്കാന്‍ തോന്നി.അതിന്റെ പുറകില്‍ തന്നെ ഒരു എട്ടുകാലി ഇരിപ്പുന്ട്.എട്ടുകാലി അനങ്ങി,ഒന്നല്ല...ഒരു മൂന്നു നാലടി മുന്നോട്ടു വച്ചു..ഇപ്പോ പല്ലി അതിന്റെ എട്ടു കാലുകള്‍ക്കും എത്താവുന്ന ദൂരത്താണ്.എട്ടുകാലി യുദ്ധം പ്രഖ്യാപിച്ചതാണൊ എന്നൊരു സംശയം.ഞാന്‍ കട്ടിലില്‍ യുദ്ധത്തിന്റെ പ്രൈം ടൈം കവറേജ് കാണാന്‍ കിടന്നു.എട്ടുകാലിയുടെ ആദ്യത്തെ നീക്കം പല്ലിയുടെ കഴുത്തിനിട്ടായിരുന്നു..അതിന്റെ കണ്ണുകള്‍ ഒന്നു കൂടെ പുറത്തേക്കു തള്ളി വന്നു.പല്ലി കരഞ്ഞോ,പക്ഷെ പശ്ചാത്തല സംഗീതം കാരണം കേട്ടില്ല.എട്ടുകാലിയുടെ പിടുത്തം മുറുകി വന്നു,പല്ലിയെ കുറിച്ചുള്ള പരാതി ഞാന്‍ പതുക്കെ കട്ടിലിനു താഴേക്കു ഇട്ടു.
എട്ടുകാലിയുടെ പിടി മുറുകും തോറും സംഗീതം മുറുകി വന്നു.പല്ലി വാലു മുറിക്കാഞ്ഞതു എന്തെന്നു മനസ്സിലായില്ല...ആ വിദ്യ അതിനു കൈമോശം വന്നു കാണുമോ?എന്തായാലും പല്ലിയെ കുറിച്ചുള്ള പരാതിക്കത്തിനു മുകളിലേക്കു തന്നെ അതു വീണു..കൂടെ എട്ടുകാലിയും.അതു പല്ലിയുടെ കഴുത്തിലെ പിടി വിടാന്‍ തയ്യാറല്ലായിരുന്നു..ഇനി പല്ലി പിടയില്ലെന്നു ഉറപ്പുവരുത്തിക്കാണണം..എട്ടുകാലി തിരിച്ചു മുകളിലെക്ക് പോയി.എന്റെ പുതിയ സുഹ്രുത്തിനു എട്ട് കാലുകളുണ്ടു...രണ്ടുകാലുകളില്‍ ന്യൂനപക്ഷമായതിന്റെ അപകര്‍ഷതാബോധം എന്നെ പെട്ടെന്നു വിട്ടു പിരിഞ്ഞു.
എനിക്കു ചുറ്റും എട്ടുകാലി ന്ര്ത്തം ചവിട്ടാന്‍ തുടങ്ങി...അതിന്റെ താളത്തിനൊത്ത ഒരു സംഗീതം ഞാനും അറിയാതെ മൂളിപ്പോയി...മൂളല്‍ അലര്‍ച്ചയായോ എന്നൊരു സംശയം...എന്തായാലും അതിനൊടുവില്‍ എനിക്കു ചുറ്റും ഒരു ചിലന്തിവല തീര്‍ത്തു എട്ടുകാലി വിശ്രമം തുടങ്ങി.നേര്‍ത്ത ആ വലക്കുള്ളില്‍ ഇപ്പോ എല്ലാം ഉണ്ടു...വാതിലുകളും ജനലകളും ഒഴികെ.

ഒരു ചെറിയ മരക്കമ്പുകൊണ്ടു ഒരു വാതിലും ജനലും തീര്‍ക്കാന്‍ നോക്കിയപ്പോളാണു വലകളുടെ ശക്തി മനസ്സിലായത്.നല്ല ഉറപ്പുള്ള വലകള്‍,ചത്തു പോയ പല്ലിയുടെ ശരീരത്തില്‍ ഉറുമ്പുകള്‍ പോലും വന്നില്ല..വലകളുടെ സുതാര്യതയിലൂടെ സൂര്യവെളിച്ചം എത്തി നോക്കിയില്ല..അല്ല ഇപ്പോള്‍ വലകള്‍ തീര്‍ത്ത ചിലന്തി പോലും ഇവിടെ ഇല്ല..മരണപ്പെട്ട പല്ലിയും സാക്ഷിയായ ഞാനും കൊലപാതകി തീര്‍ത്ത സങ്കേതത്തില്‍..സമയം എന്തായി...നേരം വെളുത്തു കാണണം.

*(കവിത സിംബോര്‍സ്കയുടെതാണു..."In Praise of Dreams..")

6 comments:

കെ.പി said...

ഒരു ഞായറാഴ്ച സ്വപ്നം...കൂട്ടിനു എന്റെ ചുമരിലെ സ്ഥിരം പ്രജകളും എന്റെ വര്‍ത്തമാനകാല ഭീതികളും.

സു | Su said...

നേരം വെളുത്തു.

പല്ലി ചത്തു.

ചിലന്തി പോയി.

കെ.പി said...

:) പാവം ഞാന്‍.വലയും ഞാനും ബാക്കിയായി.

Sushen :: സുഷേണന്‍ said...

നല്ല കഥ.

കേപ്പീ, ഈ കഥ 3 വരിയില്‍ ഇങ്ങനേയും എഴുതാം എന്നാണെന്നു തോന്നുന്നു സൂചേച്ചി ഉദ്ദേശിച്ചതു്. കഥാതന്തു അത്രയേ ഉള്ളൂ എന്നു സാരം.

വിഷ്ണു പ്രസാദ് said...

നന്നായിട്ടുണ്ട് എഴുത്ത്...

കെ.പി said...

നന്ദി മാഷേ...ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.